സോണിയയും രാഹുലും ജനറേഷന്‍ ഗ്യാപ്പെന്ന് കോണ്‍ഗ്രസ് നേതാവ്
ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മകനും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്ത സ്ഥിതീകരിച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിങ്. ഇരുവരും തമ്മിലുള്ളത് തലമുറകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസമാണെന്ന് അദ്ദേഹം പറഞ്ഞു.
പരസ്പരം നല്ല ബന്ധത്തില്‍ തന്നെയാണ് ഇരുവരും. എന്നാല്‍ ചില കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് ജനറേഷന്‍ ഗ്യാപ്പുകൊണ്ടാവാം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ അടുത്തദിവസം തന്നെ തിരിച്ചുവരും. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും ഒളിച്ചോടുന്നയാളല്ല അദ്ദേഹമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

സോണിയാ ഗാന്ധിയുമായി പിണങ്ങിയാണ് രാഹുല്‍ കോണ്‍ഗ്രസില്‍ നിന്നും അവധിയെടുത്ത് വീടുവിട്ടതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ചില നേതാക്കളില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പുള്ളത്. രാഹുലിന്റെ ആശയങ്ങള്‍ അവരെ ഭയപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ചിരിക്കെ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തത് തീര്‍ത്തും തെറ്റായ സമയത്താണെന്ന് ദിഗ് വിജയ് സിങ് നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമായി ഉത്തരം നല്‍കിയില്ല.












Click it and Unblock the Notifications