അവിശ്വാസ പ്രമേയം: ഈ മാസം എട്ടിനും പത്തിനും ഇടയില്‍ ലോക്സഭയില്‍ ചർച്ച, മോദി മറുപടി നല്‍കിയേക്കും
ഡല്‍ഹി: നരേന്ദ്ര മോദി സർക്കാറിനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ ഈ മാസം എട്ടിനും പത്തിനും ഇടയില്‍ പാർലമെന്റില്‍ ചർച്ച നടക്കും. ചർച്ചയ്ക്ക് ഒടുവില്‍ പത്താം തിയതി പ്രധാനമന്ത്രി ലോക്സഭയില്‍ മറുപടി നല്‍കിയേക്കും. ലോക്‌സഭയുടെ ബിസിനസ് ഉപദേശക സമിതി യോഗത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസിലെ ചർച്ചയെക്കുറിച്ചുള്ള തീരുമാനമുണ്ടായത്.
പ്രതിപക്ഷ സംഖ്യവും ബി ആർ എസും പ്രമേയം ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റില്‍ പ്രതിഷേധം തുടർന്ന് വരികയാണ്. ഇതിനിടയിലാണ് സമ്മേളനത്തിന്റെ അവസാന ദിനങ്ങളിലായി ചർച്ച നിശ്ചയിക്കുന്നത്. അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിച്ച് കഴിഞ്ഞാലും സഭയിൽ അവിശ്വാസ പ്രമേയം ഉടൻ പരിഗണിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമങ്ങളോ ചട്ടങ്ങളോ ഇല്ലെന്നാണ് ഭരണ പക്ഷത്തിന്റെ വാദം.

മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്തേയി ഗ്രൂപ്പും ആദിവാസി കുക്കി ന്യൂനപക്ഷവും തമ്മിൽ മെയ് മാസത്തോടെ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷങ്ങളെക്കുറിച്ച് മോദി പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിന് മോദി തയ്യാറാവാതിരുന്നതോടെയാണ് അവിശ്വാസ പ്രമേയം എന്ന ആയുധം പ്രതിപക്ഷം പ്രയോഗിച്ചത്.
50 എംപിമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ജുലൈന് 26 നാണ് ലോക്സഭ സ്പീക്കർ അംഗീകരിക്കുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, ഡിഎംകെയുടെ ടിആർ ബാലു, എൻസിപി നേതാവ് സുപ്രിയ സുലെ എന്നിവരുൾപ്പെടെ പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖരാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരിക്കുന്നത്.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി എം കെ, സി പി ഐ, സി പി ഐ (എം), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), ജെ ഡി യു, എ എ പി എന്നിവയുൾപ്പെടെ 13 പാർട്ടികളുടെ പിന്തുണ അവിശ്വാസ പ്രമേയത്തിനുണ്ട്. 2014ൽ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി സർക്കാർ അവിശ്വാസ പ്രമേയത്തെ നേരിടുന്നത്. 2018 ജൂലൈ 20നാണ് മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭയിൽ അവതരിപ്പിച്ചത്.
അതേസമയയം, അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ ലോക്‌സഭയിലെ കേവല ഭൂരിപക്ഷ സംഖ്യ 272 ആണെന്നതിനാല്‍ തന്നെ 331 അംഗങ്ങളുടെ പിന്തുണയുള്ള എന്‍ ഡി എ സഖ്യവും കേന്ദ്ര സർക്കാരിന്റെ നില സുരക്ഷിതമാണ്. ബി ജെ പിക്ക് മാത്രം ലോക്സഭയിലെ 303 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ്, ജെ ഡി യു, എസ് പി, ഡി എം കെ, സി പി എം, സി പി ഐ, ആർ ജെ ഡി, ആർ എല്‍ ഡി തുടങ്ങിയ കക്ഷികള്‍ അടങ്ങുന്ന പ്രതിപക്ഷമായ ഇന്ത്യൻ സഖ്യത്തിന് 144 പേരുടെ പിന്നതുണ മാത്രമാണുള്ളത്.
കെ സി ആറിന്റെ ബി ആർ എസ്, വൈഎസ് ജഗൻ റെഡ്ഡിയുടെ വൈ എസ് ആർ സി പി, നവീൻ പട്നായിക്കിന്റെ ബി ജെ ഡി തുടങ്ങിയ പാർട്ടികൾക്കായി ആകെ 70 പേരുമുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ പോലും അവിശ്വാസ പ്രമേയം വിജയിക്കില്ല. എന്നാല്‍ ബി അർ എസ് ഒഴികേയുള്ള കക്ഷിളുടെ പിന്തുണ അവിശ്വാസ പ്രമേയത്തിന് ലഭിക്കാന്‍ സാധ്യതയില്ല.












Click it and Unblock the Notifications