Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിന് 'ഡബിള്‍ ലോട്ടറി'; വന്ദേ ഭാരതും മെട്രോയും ഫ്‌ളാഗ് ഓഫ് ചെയ്തു: മെട്രോയില്‍ മോദിയുടെ യാത്ര

ബെംഗളൂരു: ഇന്ന് ബെംഗളൂരു നിവാസികള്‍ക്ക് ഡബിള്‍ ലോട്ടറിയടിച്ച ദിനമായിരുന്നു. വന്ദേ ഭാരതും മെട്രോ സര്‍വീസും ഒരുമിച്ച് ലഭിച്ചതാണ് സന്തോഷത്തിന് കാരണം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബെംഗളൂരു-ബെലഗാവി വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്.

ബെലഗാവിയിലെ ക്രാന്തിവീര്‍ സാംഗോളി രായണ്ണ (കെഎസ്ആര്‍) റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടന ചടങ്ങ്. ബെംഗളൂരു-ബെലഗാവി, മാതാ വൈഷ്‌ണോദേവി കത്ര-അമൃത്സര്‍, നാഗ്പൂര്‍-പൂനെ വന്ദേ ഭാരത് ട്രെയിനുകള്‍ എന്നിവയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

vande bharat

വന്ദേ ഭാരത് ട്രെയിനുകള്‍ക്കു പുറമേ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയെ ബൊമ്മനഹള്ളിയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈന്‍ മെട്രോ സര്‍വീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ട് ഇടനാഴികളുള്ള നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിന് തറക്കല്ലിട്ടു.

അമൃത്സര്‍-ശ്രീമാതാ വൈഷ്‌ണോദേവി കത്ര, നാഗ്പൂര്‍-പൂനെ ട്രെയിനുകള്‍ ബംഗളൂരുവില്‍ നിന്ന് ഓണ്‍ലൈനിലൂടെയാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും മുറവിളികള്‍ക്കും ഒടുവിലാണ് ബെംഗളൂരു-ബെലഗാവി വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. കര്‍ണാടകത്തിന് അനുവദിച്ച 11-ാമത് വന്ദേഭാരത് എക്‌സ്പ്രസാണിത്.

കര്‍ണാടകത്തിന് അനുവദിച്ച മറ്റ് 10 വന്ദേഭാരത് സര്‍വീസുകളില്‍ അഞ്ച് സര്‍വീസുകള്‍ ബെംഗളൂരുവില്‍ നിന്ന് ധാര്‍വാഡ്, കലബുറഗി, ഹൈദരാബാദ്, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലേക്കും രണ്ട് സര്‍വീസുകള്‍ മൈസൂരു-ചെന്നൈ റൂട്ടിലും രണ്ട് സര്‍വീസുകള്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം, മഡ്ഗാവ് എന്നിവിടങ്ങളിലേക്കും ഒരു സര്‍വീസ് ഹുബ്ബള്ളി-പൂനെ റൂട്ടിലുമാണ് സര്‍വീസ് നടത്തുന്നത്.

രണ്ടാമത് നടന്ന ചടങ്ങില്‍ 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നമ്മ മെട്രോ യെല്ലോ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസം പകരുമെന്ന് കരുതപ്പെടുന്നതാണ് നമ്മ മെട്രോ യെല്ലോ ലൈന്‍. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റര്‍ ദൂരത്തിലാണ് യെല്ലോ ലൈന്‍. ഇലക്ട്രോണിക് സിറ്റി, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍ എന്നീ മേഖലകളിലൂടെയാണ് യെല്ലോ ലൈന്‍ കടന്നുപോകുന്നത്.

5,056.99 കോടി രൂപ ചെലവിട്ടാണ് ബെംഗളൂരു മെട്രോ യെല്ലോ ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 25 മിനിറ്റ് കൂടുമ്പോള്‍ സര്‍വീസ് നടത്തുന്ന മൂന്ന് മെട്രോ ട്രെയിനുകളാണ് ഈ ലൈനിലുള്ളത്. ഇവയെല്ലാം ഡ്രൈവറില്ലാ ട്രെയിനുകളാണ്. യാത്രക്കാര്‍ക്ക് നാളെ രാവിലെ അഞ്ച് മണി മുതല്‍ യെല്ലോ ലൈന്‍ റൂട്ടില്‍ യാത്ര ചെയ്യാന്‍ കഴിയും. ഇതോടെ ബെംഗളൂരു മെട്രോ ശൃംഖല 96.1 കിലോമീറ്ററായി വികസിച്ചു. ഡല്‍ഹിക്ക് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയതാണിത്.

ഉദ്ഘാടനത്തിന് ശേഷം രാഗിഗുഡ മെട്രോ സ്റ്റേഷനില്‍ നിന്ന് മോദി മെട്രോയില്‍ സഞ്ചരിക്കുകയും ചെയ്തു. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ വഴി പണമടച്ചാണ് ഇലക്ട്രോണിക്‌സ് സിറ്റി മെട്രോ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് പ്രധാനമന്ത്രി വാങ്ങിയത്. വലിയ ജനക്കൂട്ടവും ഇവിടെ പ്രധാനമന്ത്രിയുടെ യാത്ര കാണാനെത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിച്ചു.

യെല്ലോ ലൈനിനെക്കുറിച്ചും അതിന്റെ റൂട്ടിനെക്കുറിച്ചും സ്റ്റേഷനുകളെക്കുറിച്ചും സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മോദിക്ക് വിശദീകരിച്ചു. തുടര്‍ന്ന് ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ (ഐഐഐടിബി) നടന്ന പരിപാടിയില്‍ നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിന് തറക്കല്ലിട്ടു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, എംപിമാരായ എല്‍എസ് തേജസ്വി സൂര്യ, ഡോ. സിഎന്‍ മഞ്ജുനാഥ്, ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+