അമ്മയ്ക്ക് രക്ഷയില്ല; അഡ്‌ഹോക്ക് കമ്മിറ്റിയിലും രാജി, ആശാ അരവിന്ദ് രാജിവെക്കാന്‍ കാരണം ഇതാണ്
കൊച്ചി: സിനിമാ താരസംഘടനയായ അമ്മയ്്ക്ക് ഇത് കഷ്ടകാലം. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജിവെക്കുകയും താല്‍ക്കാലിക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്ത. 17 അംഗ കമ്മിറ്റി കൂട്ടത്തോടെ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ പ്രസിഡന്റ് ശ്വേത മേനോന്‍ അമ്മയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു.
രമേശ് പിഷാരടി എംഎല്‍എ അധ്യക്ഷനായ പുതിയ അഡ്‌ഹോക്ക് കമ്മിറ്റി ഞായറാഴ്ച രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയില്‍ നിന്ന് നടി ആശാ അരവിന്ദ് രാജിവെച്ചിരിക്കുകയാണിപ്പോള്‍. അഡ്‌ഹോക്ക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച ഏക വ്യക്തിയും ഇവരാണ്. ശ്വേത മേനോന് പിന്തുണ പ്രഖ്യാപിച്ച് നടി മല്ലിക സുകുമാരന്‍ അമ്മയുടെ പ്രാഥമിക അംഗത്വം രാജിവച്ച പിന്നാലെയാണ് ഈ വാര്‍ത്ത. എന്നാല്‍ ആശാ അരവിന്ദ് അമ്മയില്‍ നിന്ന് രാജിവെച്ചിട്ടില്ല.

ശ്വേത മേനോന്‍ നയിച്ച അമ്മയുടെ എകിസ്‌ക്യുട്ടീവ് കമ്മിറ്റിയില്‍ അംഗമായിരുന്നു ആശാ അരവിന്ദും. ഇവര്‍ അഡ്‌ഹോക്ക് കമ്മിറ്റിയിലും അംഗമായത് എങ്ങനെ എന്ന് ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അശയുടെ രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് അവര്‍ രാജി പ്രഖ്യാപിച്ചത്. പിന്നീട് മെയില്‍ അയക്കുകയും ചെയ്തു.
17 പേര്‍ ഇല്ലാത്ത ഓഫീസിലേക്ക് ചെല്ലാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും ഇപ്പോഴത്തെ ചുമതല വഹിക്കാന്‍ മാനസികമായി തയ്യാറെടുത്തിട്ടില്ലെന്നും ആശ വ്യക്തമാക്കി. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്കായിരുന്നു. അംഗങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരുന്നതിനാണ് ഇവരെ അഡ്‌ഹോക്ക് കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ സെപ്തംബര്‍ ഒന്നിനാണ് ശ്വേത മേനോന്‍ അധ്യക്ഷയായ അമ്മയുടെ ഭരണസമിതി നിലവില്‍ വന്നത്. പിന്നാലെ വലിയ പോരിന് തുടക്കമിട്ടു. ഒടുവില്‍ പരസ്പരം ആരോപണങ്ങളും പോലീസ് കേസും വരെ ആയി. അംഗങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമ്മ നേതൃത്വം ഇടപെട്ടില്ല എന്നാണ് ആക്ഷേപം. ഇടപെട്ടിരുന്നു എങ്കില്‍ പോലീസ് കേസ് ആകുമായിരുന്നില്ലെന്നും അഭിപ്രായമുള്ളവരുണ്ട്.
ജനറല്‍ ബോഡി യോഗത്തില്‍ അന്‍സിബ ഹസന് വലിയ പിന്തുണയാണ് ലഭിച്ചത്. ശ്വേതയ്ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. കണക്കുകള്‍ അവതരിപ്പിക്കാനും സാധിച്ചില്ല. തുടര്‍ന്നാണ് ശ്വേത രാജിവെച്ചത് എന്ന് മാലാ പാര്‍വതി പറയുന്നു. അല്‍പ്പ നേരത്തിന് ശേഷം മല്ലിക സുകുമാരന്‍ പുറത്തുവന്ന് ശ്വേതയല്ല, സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ടു.
ഇന്ന് മല്ലിക സുകുമാരന്‍ രാജി പ്രഖ്യാപിച്ചു. അമ്മയില്‍ നിന്ന് രാജിവെക്കുകയാണ് എന്ന് അവര്‍ ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. ശ്വേതയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ശ്വേതക്കെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മാലാ പാര്‍വതിയാണ് എന്നാണ് മല്ലിക പറയുന്നത്. അവിശ്വാസ പ്രമേയത്തിന് ഒപ്പുശേഖരണം നടക്കുന്ന കാര്യം മാലയാണ് മല്ലികയെ അറിയിച്ചത്. സിദ്ദിഖും രഞ്ജി പണിക്കരും ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ഇക്കാര്യം അറിയിക്കുന്നത് എന്ന് മാലാ പാര്‍വതി തന്നോട് പറഞ്ഞുവെന്നും മല്ലിക വ്യക്തമാക്കി.













Click it and Unblock the Notifications