പഞ്ചാബിൽ നാടകീയ നീക്കങ്ങൾ; നവ ജ്യോത് സിംഗ് സിദ്ധു പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു
ചണ്ഡീഗഡ്; പഞ്ചാബ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ച് നവജ്യോത് സിംഗ് സിദ്ധു.രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കൈമാറി. പഞ്ചാബിന്റെ ഭാവിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും വ്യക്തിത്വം പണയപ്പെടുത്തി മുന്നോട്ട് പോകാനാകില്ലെന്നും സോണിയയ്ക്ക് അയച്ച രാജിക്കത്തിൽ സിദ്ധു പറഞ്ഞു. അതേസമയം കോൺഗ്രസിൽ തുടരുമെന്നും സിദ്ധു വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സിദ്ധുവിന്റെ അപ്രതീക്ഷിത രാജി എന്നതും ശ്രദ്ധേയമാണ്.
പി സി സി അധ്യക്ഷനായി 72 ദിവസം പിന്നിട്ടപ്പോഴാണ് സിദ്ധു രാജി വെച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള അധികാര വടംവലിയെ തുടർന്നായിരുന്നു കഴിഞ്ഞ ജുലൈ 18 നായിരുന്നു സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കി കോൺഗ്രസ് നേതൃത്വം പരിഹാരം കണ്ടത്.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

നേരത്തേ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു സിദ്ധു-അമരീന്ദർ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്ന സിദ്ധുവിനെ മന്ത്രിസഭ പുനഃസംഘടനയിൽ സുപ്രധാന വകുപ്പിൽ നിന്നും അമരീന്ദർ മാറ്റിയിരുന്നു. ഇതിൽ ചൊടിച്ച സിദ്ധു പിന്നീട് മന്ത്രിസ്ഥാനം രാജിവെച്ചു. തുടർന്ന് ഏറെ നാൾ കോൺഗ്രസുമായി അകന്നു കഴിയുകയായികുന്നു. ഇതോടെ സിദ്ധു പാർട്ടി വിട്ടേക്കുമെന്നും ബിജെപിയിലേക്ക് മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മാത്രമല്ല സിദ്ധുവിനെ ചാടിച്ച് സംസ്ഥാനത്ത് ഭരണം പിടിക്കാൻ ആം ആദ്മി ശ്രമിക്കുന്നതായുള്ള വാർത്തകളും പ്രചരിച്ചു. എന്നാൽ സിദ്ധുവിനെ കൈവിട്ടാൽ തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ ഹൈക്കമാന്റ് നേതൃത്വം ഇടപെട്ട് അദ്ദേഹത്തിനെ തിരികെ എത്തിച്ചു. സിദ്ധുവിനെ ഉപമുഖ്യമന്ത്രിയാക്കാനായിരുന്നു ഹൈക്കമാന്റ് നീക്കം.

2022 ൽ സിദ്ധുവിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാനുളള നീക്കമായി ഇതിനെ വിലയിരുത്തിയ അമരീന്ദർ ഇത് ശക്തമായി എതിർത്തു. തുടർന്നായിരുന്നു ഹൈക്കമാന്റ് ഇടപെട്ട് നടത്തിയ സമവായ ചർച്ചയ്ക്കൊടുവിൽ സിദ്ധുവിനെ പിസിസി അധ്യക്ഷനായി നിയമിച്ചത്. എന്നാൽ അധ്യക്ഷ പദം ഏറ്റെടുത്തതിന് പിന്നാലെ സിദ്ധുവും അനുയായികളായ എംഎൽഎമാരും ചേർന്ന് അമരീന്ദറിനെതിരെ തിരിഞ്ഞു.2022 ൽ കോൺഗ്രസിനെ അമരീന്ദർ നയിച്ചാൽ പാർട്ടി കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു എംഎൽഎമാരുടെ മുന്നറിയിപ്പ്. അമരീന്ദറിനെ മാറ്റി നിർത്തിയില്ലേങ്കിൽ തങ്ങൾ രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേരുമെന്നും നേതാക്കൾ ഹൈക്കമാന്റിന് മുന്നിൽ ഭീഷണി മുഴക്കി. ഇതോടെ അമരീന്ദറിന്റെ രാജി ഹൈക്കമാന്റ് നേതൃത്വം ചോദിച്ച് വാങ്ങി. ഇതോടെ പുതിയ മുഖ്യമന്ത്രിയായി സിദ്ധുവിനെ കോൺഗ്രസ് തിരഞ്ഞെടുത്തേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.എന്നാൽ ദളിത് നേതാവായ ചരൺ ജിത്ത് ചന്നിയെയായണ് നേതൃത്വം മുഖ്യമന്ത്രിയാക്കിയത്.

അതേസമയം നവജ്യോത് സിംഗ് സിദ്ധുവായിരിക്കും 2022 ൽ കോൺഗ്രസിനെ നയിച്ചേക്കുകയെന്നുള്ള അഭ്യൂഹങ്ങൾ ഇതിന് പിന്നാലെ ഉയർന്നിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവും എഐസിസി അംഗവുമായ ഹരീഷ് റാവത്തും ഇത്തരത്തിൽ പ്രതികരിച്ചിരുന്നു. ഇതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്നും രാഷ്ട്രീയ നാടകങ്ങള്‍ അവസാനിപ്പിച്ച് വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കോൺഗ്രസ് തുടങ്ങുകയാണെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് സിദ്ധു രാജിവെച്ചിരിക്കുന്നത്. അതേസമയം പുതിയ മന്ത്രിസഭ പുനഃസംഘടനയിൽ സിദ്ധുവിന്റെ നിർദ്ദേശങ്ങൾ കോൺഗ്രസ് ഹൈക്കമാന്റ് അംഗീകരിച്ചിരുന്നില്ല. ചർച്ചകളിൽ നിന്നും സിദ്ധുവിനെ പൂർണമായും മാറ്റി നിർത്തുന്ന സമീപനമായിരുന്നു എഐസിസി സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ചാണോ ഇപ്പോഴത്തെ രാജിയെന്നത് വ്യക്തമല്ല. അതേസമയം മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നതിനിടയിൽ അനുനയ നീക്കമെന്ന നിലയിലാണോ സിദ്ധുവിന്റെ രാജിയെന്നതും വ്യക്തമല്ല.

അതേസമയം സിദ്ധുവിന്റെ രാജിയ്ക്ക് പിന്നാലെ ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവീന്ദ് കെജരിവാൾ പഞ്ചാബിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതോടെ സിദ്ദു കോൺ ഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്. നേരത്തേ തന്നെ സിദ്ധുവിനെ ആം ആദ്മിയിലെത്തിക്കാനുള്ള നീക്കങ്ങൾ പാർട്ടി നേതൃത്വം നടത്തിയിരുന്നു. പഞ്ചാബിൽ അകാലിദൾ-ബിജെപി ബന്ധം അവസാനിച്ചതോടെ ആം ആദ്മിയും കോൺഗ്രസും നേർക്ക് നേരാണ് പോരാട്ടം എന്ന സാഹചര്യമായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റം കാഴ്ച വെച്ച ആം ആദ്മി പാർട്ടി ഇക്കുറി സംസ്ഥാനത്ത് വലിയ അട്ടിമറികൾ തന്നെ ഉണ്ടാക്കേിയേക്കുമെന്നുള്ള ചില അഭിപ്രായ സർവ്വേകൾ പുറത്തുവന്നിരുന്നു. സിദ്ധു ആം ആദ്മിയിലെത്തിയാൽ അത്തരത്തിൽ വലിയ അത്ഭുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതിനിടെ സിദ്ധുവിന്റെ രാജിയ്ക്ക് പിന്നാലെ പരിഹാസവുമായി അമരീന്ദർ രംഗത്തെത്തി. സ്ഥിരതയില്ലാത്ത ആളാണ് സിദ്ധുവെന്ന് താൻ നേരത്തേ പറഞ്ഞിരുന്നതല്ലേയെന്ന് അമരീന്ദർ ട്വീറ്റ് ചെയ്തു.അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനല്ല സിദ്ദുവെന്നും അമരീന്ദർ ട്വീറ്റിൽ പറഞ്ഞു. രാജിവെച്ചതിന് പിന്നാലെ തന്നെ സിദ്ധുവിനെതിരെ അമരീന്ദർ രംഗത്തെത്തിയിരുന്നു. സിദ്ധു പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണെന്നായിരുന്നു അമരീന്ദർ കുറ്റപ്പെടുത്തിയത്. സിദ്ധു മത്സരിച്ചാൽ എന്തുവിലകൊടുത്തും പരാജയപ്പെടുത്തുമെന്നും അമരീന്ദർ പറഞ്ഞിരുന്നു.

അതേസമയം അമരീന്ദർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും ഉടൻ കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ അമരീന്ദർ ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രിസഭയിൽ കൃഷി മന്ത്രിയാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം അമരീന്ദർ ബിജെപിയിൽ ചേർന്നില്ലേങ്കിൽ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നുള്ള നിരീക്ഷണങ്ങളും ഉയരുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിലവിൽ സംസ്ഥാനത്ത് ബിജെപി വലിയ ശക്തിയല്ല. ഇത്തവണ പഞ്ചാബിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനുള്ള നീക്കത്തിലാണ് പാർട്ടി. അകാലിദളുമായി സഖ്യം അവസാനിച്ച സാഹചര്യത്തിൽ ബിജെപിയ്ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചേക്കില്ലെന്ന വിലയിരുത്തലുകൾ ഉണ്ട്. എന്നാൽ അമരീന്ദർ സിംഗിനെ പോലൊരു നേതാവിന്റെ പിന്തുണ ഉണ്ടെങ്കിൽ ബിജെപിയുടെ പ്രതീക്ഷകൾ നടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications