കള്ളപ്പണ കേസ്: തമിഴ്‌നാട് വൈദ്യുതി മന്ത്രിയുടെ വീട്ടില്‍ ഇഡിയുടെ റെയ്ഡ്
ചെന്നൈ: തമിഴ്‌നാട് വൈദ്യുത മന്ത്രി വി സെന്തില്‍ ബാലാജിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ് നടത്തിയത്. ബാലാജിയുടെ വീട്ടിലും, വിവിധയിടങ്ങളിലും ഒരേസമയമാണ് പരിശോധന നടന്നത്.
അര്‍ധ സൈനിക വിഭാഗത്തെ അടക്കം ഇവിടെ വിന്യസിച്ചിരുന്നു. ഇഡി സംഘത്തിന് നേരെ മുമ്പ് ആക്രമണം നടന്നതിനെ തുടര്‍ന്നാണ് സുരക്ഷാ സൈനികരെയും കൊണ്ട് എത്തിയത്. സെക്രട്ടേറിയേറ്റിലെ ബാലാജിയുടെ മുറി അടക്കം പരിശോധിച്ചവയില്‍ വരും. കാരൂര്‍ ജില്ലയിലെ ഡിഎംകെയുടെ കരുത്തനായ നേതാവാണ് അദ്ദേഹം.

തന്റെ വീട്ടിലും, മറ്റ് സ്ഥാപനങ്ങളിലുമെല്ലാം ഇഡി എന്താണ് തിരയുന്നതെന്ന് അറിയില്ല. അന്വേഷണത്തോട് സഹകരിക്കുമെന്നും സെന്തില്‍ ബാലാജി പറഞ്ഞു. ഇഡി സംഘം കാരൂരിലെ ബാലാജിയുടെ വീട്ടിലും, ചെന്നൈയിലെ വസതിയിലുമാണ് പരിശോധനകള്‍ നടത്തിയത്. തമിഴ്‌നാട് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ ലോറി കരാറുകാരന്റെ ഈറോഡുള്ള വീടും ഇഡി അധികൃതര്‍ പരിശോധിച്ചു.
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മദ്യ വിതരണം നടത്തുന്നവരാണ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ അഥവാ ടാസ്മാക്ക്. ഇതില്‍ കൃത്രിമത്വം നടന്നതായും ഇഡി സംശയിക്കുന്നുണ്ട്. സെന്തിലിന്റെ കൈവശമാണ് എക്‌സൈസ് വകുപ്പുമുള്ളത്. തൊഴിലിന് പണം നല്‍കിയ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ എടുത്ത കേസില്‍ പോലീസ്-ഇഡി അന്വേഷണത്തിന് സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.
നേരത്തെ അണ്ണാഡിഎംകെയ്‌ക്കൊപ്പമായിരുന്നു സെന്തില്‍ ബാലാജി. ജയലളിത സര്‍ക്കാരില്‍ പൊതുഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ബാലാജിയുമായി അടുപ്പമുള്ളവരുടെ വീടുകളിലും, സ്ഥാപനങ്ങളിലുമെല്ലാം ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. 'ഇഡി അവര്‍ക്ക് വേണ്ട രീതിയില്‍ അന്വേഷിക്കട്ടെ. എന്താണ് അവര്‍ തിരയുന്നതെന്ന് പരിശോധന കഴിയുമ്പോള്‍ അറിയാമെന്നും' മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ ഏത് രേഖകള്‍ ആവശ്യപ്പെട്ടാലും നല്‍കുമെന്നും മന്ത്രി അറിയിച്ചു. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് പരിശോധന തുടങ്ങിയത്. സംഭവം അറിഞ്ഞ ഉടനെ ടാക്‌സി പിടിച്ചാണ് വീട്ടിലേക്ക് എത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
ഇഡി ഇത്തവണ കനത്ത സുരക്ഷാ അകമ്പടിയോടെയാണ് എത്തിയത്. കഴിഞ്ഞ മാസം കാരൂരില്‍ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ പരിശോധന നടത്താന്‍ എത്തിയ ആദായ നികുതി അധികൃതര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇഡി സുരക്ഷാ സൈനികരെ കൊണ്ടുവന്നത്.












Click it and Unblock the Notifications