മുപ്പതുരൂപയുടെ ടിപ്പിനുവേണ്ടി അടിപിടി; ഹോട്ടല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: കേവലം 130 രൂപയുടെ ടിപ്പിനെ ചൊല്ലിയുണ്ടായ ഹോട്ടല്‍ ജീവനക്കാരുടെ അടിപിടിയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഹൈദരാബാദിലെ ഹാഫിസ് ബാബ നഗറിലാണ് സംഭവം. ഇവിടുത്തെ സ്‌പൈസി ബാവാര്‍ചി ഹോട്ടലില്‍ ജോലി ചെയ്യുന്ന രാജു, കമലേഷ് എന്നീ യുവാക്കള്‍ തമ്മിലാണ് കലഹമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
കമലേഷിന് കിട്ടിയ 130 രൂപയുടെ ടിപ്പ് വീതിച്ചെടുക്കണമെന്ന് രാജു ആവശ്യപ്പെട്ടു. എന്നാല്‍, ഷെയര്‍ നല്‍കാന്‍ കമലേഷ് ഒരുക്കമായിരുന്നില്ല. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമായി. ഇതിനിടയില്‍ കമലേഷ് രാജുവിന് പിടിച്ചു തള്ളിയിട്ടു. തലയിടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പോലീസ് സ്ഥലത്തെത്തി മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ കമലേഷിനെ ചോദ്യംചെയ്തുവരികയാണ്. ഇരുവരും ഉത്തര്‍ പ്രദേശ് സ്വദേശികളാണ്. ജോലി അന്വേഷിച്ചാണ് ഹൈദരാബാദിലെത്തിയത്. ഫുട്പാത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഒരുമാസത്തോളമായി ഹോട്ടലില്‍ ജോലി ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications