ബിജെപിയ്ക്ക് പിഴയ്ക്കുന്നു; തെലങ്കാനയിൽ കൂട്ടകൊഴിഞ്ഞ് പോക്ക്, മുൻ എംപിയും ടിആർസിലേക്ക്
ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ കർണാടക കഴിഞ്ഞാൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് തെലങ്കാന. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സംഭവങ്ങൾ പാർട്ടിക്ക് ഒട്ടും ആശ്വാസം നൽകുന്നതല്ല. നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കാണ് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പ്രമുഖർ അടക്കമുള്ളവർ പാർട്ടി വിടുകയും ഭരണകക്ഷിയായ ബി ജെ പിയിൽ ചേരുകയും ചെയ്തു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി റ്റൊരു ബി ജെ പി നേതാവ് കൂടി പാർട്ടി വിടാൻ തയ്യാറായിരിക്കുകയാണ്.

ബി ജെ പി നേതാവും മുൻ എംപിയുമായ രാപോലു ആനന്ദ് ഭാസ്കർ ആണ് രാജിവെയ്ക്കാൻ ഒരുങ്ങുന്നത്. ഞായറാഴ്ച അദ്ദേഹം ടിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുമായി രാപോലു കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം ടി ആർ എസ് സർക്കാരിനെ പുകഴ്ത്തുകയും ബി ജെ പി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജി എസ് ടി അടക്കമുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് രാപോലു രംഗത്തെത്തിയത്. അതേസമയം കൂടിക്കാഴ്ചയിൽ ടി ആർ എസിൽ ചേരാനുള്ള താത്പര്യം രാപോലു അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

മുൻ മാധ്യമപ്രവർത്തകനായ രാപോലു നേരത്തേ കോൺഗ്രസിലായിരുന്നു. 2012 മുതല്‍ 2018വരെ രാജ്യസഭാംഗമായിരുന്നു. അതേസമയം മുതിർന്ന നേതാവ് പാർട്ടി വിടുന്നത് ബി ജെ പിയെ സംബന്ധിച് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് മുനുഗൗഡ് നിയമസഭ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ സാഹചര്യത്തിൽ.

കഴിഞ്ഞ ദിവസം രണ്ട് പ്രധാനപ്പെട്ട നേതാക്കളാണ് ബി ജെ പി വിട്ട് ടി ആർ എസിൽ ചേർന്നത്. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ സ്വാമിഗൗഡും മുന്‍ എംഎല്‍എ ദസോജു ശ്രാവണുമാണ് പാർട്ടി വിട്ടവർ. നേരത്തേ ടി ആർ എസ് നേതാവായിരുന്ന ഗൗഡ പിന്നീടാണ് ബി ജെ പിയിൽ ചേർന്നത്. 2014 ൽ ട ആർ എസ് വിട്ട ദസോജു ശ്രാവണ്‍ പിന്നീട് കോൺഗ്രസിൽ ചേർന്നു. രണ്ട് മാസങ്ങൾക്ക് മുൻപാണ് ബി ജെ പിയിൽ എത്തിയത്.

അതിനിടെ വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജിക്കൊരുങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. സംഘടനയുടെ ജില്ല, മണ്ഡലം കമ്മിറ്റി ചുമതലയിൽ ഉള്ള നേതാക്കളെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് നേതാക്കൾ പലരേയും ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ തഴയുകയാണ് നേതൃത്വം എന്നാണ് നേതാക്കളുടെ ആക്ഷേപം. തീരുമാനം തിരുത്താൻ നേതൃത്വം തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നുണ്ട്.












Click it and Unblock the Notifications