മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു
ദില്ലി:ശിരോമണി അകാലി ദൾ നേതാവും മുൻ മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസായിരുന്നു.

കഴിഞ്ഞ ദിവസം ശ്വാസതടസത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഗ്യാസ്ട്രൈറ്റിസ്, ബ്രോങ്കിയൽ ആസ്ത്മയെ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയിരുന്നു.
അഞ്ച് തവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു ബാദൽ. 11 തവണ എംഎൽഎയായിരുന്നു. 1997 മുതൽ ലാംബി മണ്ഡലത്തിൽ നിന്നായിരുന്നു അദ്ദേഹം ജയിച്ച് കയറിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ 94ാം വയസിലും അദ്ദേഹം തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയിരുന്നു.പ്രായാധിക്യം കാരണം തുടക്കത്തിൽ മത്സരിക്കില്ലെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും അവസാനം പ്രായത്തെ കടത്തിവെട്ടി അദ്ദേഹം മത്സരിക്കുകയായിരുന്നു.
രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനായി ഡിസംബർ 8 നായിരുന്നു പഞ്ചാബിലെ മുക്സർ ജില്ലയിലുള്ള മലൗട്ടിൽ ബാദൽ ജനിച്ചത്. 1957 ലായിരുന്നു ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
1970 ലായിരുന്നു ആദ്യമായി ബാദൽ മുഖ്യമന്ത്രിയാകുന്നത്. പിന്നീട്
1977-80, 1997-2002, 2007-2012, 2012-2017 എന്നീ വർഷങ്ങളിലായി മുഖ്യമന്ത്രിയായി. 2012 ൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യയിലെ പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. കേന്ദ്ര കൃഷി മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
അനുശോചിച്ച് പ്രധാനമന്ത്രി
പഞ്ചാബ് മുൻ മുഖ്യമന്ത്രി സിംഗ് ബാദലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പഞ്ചാബിന്റെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
'പ്രകാശ് സിംഗ് ബാദലിന്റെ വിയോഗത്തിൽ അങ്ങേയറ്റം ദുഖം രേഖപ്പെടുത്തുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. നമ്മുടെ രാഷ്ട്രത്തിന് വളരെയധികം സംഭാവന നൽകിയ ശ്രദ്ധേയനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു. പഞ്ചാബിന്റെ പുരോഗതിക്കായി അദ്ദേഹം അക്ഷീണം പ്രവർത്തിക്കുകയും നിർണായക സമയങ്ങളിൽ സംസ്ഥാനത്തെ നയിക്കുകയും ചെയ്തു.
പ്രകാശ് സിംഗ് ബാദലിന്റെ വിയോഗം വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ്. പതിറ്റാണ്ടുകളായി അദ്ദേഹവുമായി അടുത്തിടപഴകുകയും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി പങ്കുവെച്ച നിരവധി കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അവയിലെല്ലാം അദ്ദേഹത്തിന്റെ വിജ്ഞാനം എന്താണെന്ന് വ്യക്തമായി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയുും അനുയായികളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications