ഗുലാം നബിയും മനീഷ് തിവാരിയും പുറത്ത്; വെട്ടിനിരത്തി കോണ്‍ഗ്രസ്, താര പ്രചാരകര്‍ ഇവര്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും മനീഷ് തിവാരിയും പഞ്ചാബില്‍ കോണ്‍ഗ്രസ് താര പ്രചാരകരില്‍ ഉള്‍പ്പെടാത്തത് ചര്‍ച്ചയാകുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് ഗുലാം നബി ആസാദ്. പഞ്ചാബില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് മനീഷ് തിവാരി. ഇരുവരെയും പഞ്ചാബിലെ താര പ്രചാരകരില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയില്ല. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ താര പ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 30 പേരാണ് പട്ടികളിലുള്ളത്. സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്.
ഗുലാം നബി ആസാദും മനീഷ് തിവാരിയും പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട ജി23 നേതാക്കളില്‍ ഉള്‍പ്പെട്ടവരാണ്. അടുത്തിടെ ആസാദിന് നരേന്ദ്ര മോദി സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു. ഇതിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു. അതേസമയം, ജി23ലെ ചില നേതാക്കളെ പഞ്ചാബില്‍ താരപ്രചാരകരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആനന്ദ് ശര്‍മ, ഭൂപീന്ദര്‍ സിങ് ഹൂഡ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്ന രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് താരപ്രചാരകരിലുണ്ട്. പഞ്ചാബിലെ ഏക ഹിന്ദു എംപിയാണ് മനീഷ് തിവാരി. അതേസമയം, പഞ്ചാബില്‍ നിന്നുള്ള മറ്റൊരു എംപി രവ്‌നീത് സിങ് ബിട്ടു പട്ടികയിലുണ്ട്.

കൂടാതെ പ്രിയങ്ക ഗാന്ധി, ഹരീഷ് ചൗധരി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു, മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നി, അംബിക സോണി, മുന്‍ സ്പീക്കര്‍ മീര കുമാര്‍ എന്നിവരെല്ലാം താര പ്രചാരക പട്ടികയിലുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സംസ്ഥാന അധ്യക്ഷന്‍മാരായ സുനില്‍ ജഖര്‍, പ്രതാപ് സിങ് ബജ്‌വ, അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരും പ്രചാരണത്തിനെത്തും. കുമാരി സെല്‍ജ ശുക്ല, രണ്‍ജീത് രഞ്ജന്‍, നേതാ ഡിസൂസ, ബിവി ശ്രീനിവാസ്, ഇമ്രാന്‍ പ്രതാപ്ഗര്‍ഹി, അമരീന്ദര്‍ സിങ് രാജ വാറിങ്, അമൃത ധവാന്‍, രമീന്ദര്‍ ഔല, താജേന്ദര്‍ സിങ് ബിട്ടൂ എന്നിവരും പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനെത്തും.
അതേസമയം, കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി രംഗത്തുവന്നു. കോണ്‍ഗ്രസിന്റെ സങ്കുചിത മനസാണ് ഇത് തെളിയിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രമുഖ നേതാക്കളായ ആസാദിനെയും തിവാരിയെയും മാറ്റി നിര്‍ത്തുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തീരുമനത്തോട് തമാശ രൂപേണയാണ് മനീഷ് തിവാരി പ്രതികരിച്ചത്. ഇതൊന്നും ഇപ്പോള്‍ രഹസ്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ആസാദിനെ ഉത്തരാഖണ്ഡിലെ താരപ്രചാരകരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications