'ഇന്ത്യയില്‍ പട്ടിണി കൂടിയിട്ടില്ല; മറ്റു രാജ്യങ്ങളിലുള്ളവര്‍ക്ക് വിശപ്പ് തോന്നാഞ്ഞിട്ടാണ്...'
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞുവെന്ന വാര്‍ത്ത വന്ന പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും ട്രോളി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ പട്ടിണി വര്‍ധിച്ചിട്ടില്ലെന്നും മറ്റു രാജ്യങ്ങളിലുള്ളവര്‍ക്ക് വിശപ്പ് തോന്നാഞ്ഞിട്ടാണെന്നും കേന്ദ്രം വാദിക്കുമെന്ന് രാഹുല്‍ പരിഹസിച്ചു. രൂപയുടെ മൂല്യം ഇടിയുന്നത് സംബന്ധിച്ച് വിചിത്രമായ വാദം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉന്നയിച്ച സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റെ പരിഹാസം. രൂപയുടെ മൂല്യം ഇടിയുന്നതല്ലെന്നും ഡോളറിന്റെ മൂല്യം ഉയരുന്നതാണ് നിലവിലെ മാറ്റങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു നിര്‍മല സീതാരാമന്റെ പ്രതികരണം.

ആഗോള പട്ടിണി സൂചികയുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യ 107ാം സ്ഥാനത്താണ് പട്ടികയില്‍. വികസന കുതിപ്പ് നടത്തുന്ന വേളയിലും പട്ടിണിയും വിശപ്പും ഇന്ത്യയില്‍ വര്‍ധിക്കുന്നു എന്നാണ് പട്ടിക പുറത്തുവന്ന പിന്നാലെ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇത് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നതും ഇതേ വിഷയത്തിലാണ്. ആര്‍എസ്എസും ബിജെപിയും യാഥാര്‍ഥ്യത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യ കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ ആഗോള പട്ടിണി സൂചികയില്‍ 121 രാജ്യങ്ങളുടെ വിവരങ്ങളാണുള്ളത്. ഇതില്‍ 107ാം സ്ഥാനത്താണ് ഇന്ത്യ. മറ്റു പല ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ് പട്ടികയിലുള്ളത്. ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നു എന്നത് ഗൂരുതരമായ അവസ്ഥയാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഏഷ്യയില്‍ അഫ്ഗാനിസ്താന്‍ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. 109 ആണ് അഫ്ഗാന്റെ സ്ഥാനം.
പാകിസ്താന്‍ 99, ബംഗ്ലാദേശ് 84, നേപ്പാള്‍ 81, ശ്രീലങ്ക 64 എന്നിങ്ങനെയാണ് പട്ടികയിലെ അയല്‍രാജ്യങ്ങളുടെ സ്ഥാനം. വളരെ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്കയും പാകിസ്താനും കടന്നുപോകുന്നത്. എന്നിട്ടും ഇന്ത്യയേക്കാള്‍ മുന്നിലാണ് ഇവരുടെ സ്ഥാനമെന്ന് പട്ടിക സൂചിപ്പിക്കുന്നു. 2021ലെ ആഗോള പട്ടിണി സൂചികയിലെ കണക്കു പ്രകാരം ഇന്ത്യയുടെ സ്ഥാനം 101 ആയിരുന്നു. അന്ന് 116 രാജ്യങ്ങളിലെ കണക്കുകളാണ് പുറത്തുവിട്ടിരുന്നത്. 2020ല്‍ 94 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇപ്പോള്‍ വീണ്ടും ഇടിഞ്ഞതാണ് രാഹുല്‍ ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications