ഗുജറാത്ത് കോട്ട 'ആപ്പി'ലാകരുത്, വീഴ്ത്താൻ 'മിഷൻ സീറോ'; അടവുകൾ മാറ്റിപ്പിടിച്ച് അമിത് ഷാ
അഹമ്മദാബാദ്: കഴിഞ്ഞ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ, മത്സരിച്ച മണ്ഡലങ്ങളിൽ ഒന്നിൽ പോലും കെട്ടിവെച്ച കാശ് പോലും ആം ആദ്മി സ്ഥാനാർത്ഥികൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ഇക്കുറി അതല്ല സാഹചര്യം. ബി ജെ പിയുടെ കോട്ടകളിൽ പോലും കടുത്ത മത്സരമാണ് 'ആപ്പ്' കാഴ്ച വെയ്ക്കുന്നത്. ഇതോടെ കോട്ട കാക്കാൻ തന്ത്രങ്ങൾ മാറ്റുകയാണ് സംസ്ഥാനത്ത് ബി ജെ പി.

മോദി പ്രഭാവം മാത്രം മതിയായിരുന്നു ബി ജെ പിക്ക് ഇതുവരെ ഗുജറാത്തിൽ ഭരണം നിലനിർത്താൻ. എന്നാൽ ഇക്കുറി കടുത്ത പോരാങ്ങൾക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. ബി ജെ പിയും കോൺഗ്രസും നേർക്ക് നേർ പോരാടിയിരുന്ന മണ്ഡലങ്ങളിൽ പലതിലും ഇപ്പോൾ ആം ആദ്മി തുല്യ ശക്തിയായി മാറിയിരിക്കുകയാണ്, ബി ജെ പിയെ ഇത് ചില്ലറയൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്.

വമ്പൻ വാഗ്ദാനങ്ങളുമായി ആം ആദ്മി പടയോട്ടം തുടരുമ്പോൾ ആപ്പ് ആരുടെ വോട്ട് പിടിക്കുമെന്ന ആശങ്ക കോൺഗ്രസിനും ബി ജെ പിക്കും ഒരുപോലെയുണ്ട്. ഈ സാഹചര്യത്തിൽ ആം ആദ്മിക്ക് തട തീർക്കാൻ തന്ത്രങ്ങൾ പൊളിച്ചെഴുതുകയാണ് ഇരുപാർട്ടികളും. ബി ജെ പിക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് അമിത് ഷായാണ്. സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ് ഷാ. ഗുജറാത്തിൽ ആം ആദ്മി അക്കൗണ്ട് തുറക്കില്ലെന്ന് ഉറപ്പിക്കുമെന്ന് ആവർത്തിക്കുന്നു അമിത് ഷാ.

നഗര മേഖലകളിലും യുവാക്കൾക്കിടയിലുമാണ് ആം ആദ്മിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതെന്നാണ് ബി ജെ പി കണക്ക് കൂട്ടൽ. ഈ സാഹചര്യത്തിൽ യുവാക്കളെ ലക്ഷ്യം വെച്ചാണ് ഇപ്പോൾ ബി ജെ പിയുടെ പ്രചരണം. പ്രധാനമായും ടെക്-സാവികളെയാണ് പാർട്ടി നോട്ടമിടുന്നത്. വരും ദിവസങ്ങൾ നേതാക്കളെ അണി നിരത്തിക്കൊണ്ടുള്ള ഹിമാലയൻ പ്രചരണത്തിന് തുടക്കമിടാൻ ഒരുങ്ങുകയാണ് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ പി നദ്ദ, യോഗി ആദിത്യനാഥ് തുടങ്ങി കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളുമെല്ലാം പ്രചരണത്തിൽ സജീവമാകും. ആം ആദ്മിയുമായി കനത്ത മത്സരത്തിന് വഴിതെളിഞ്ഞിരിക്കുന്ന മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന നിർദ്ദേശവും അമിത് ഷാ നേതാക്കൾക്ക് നൽകുന്നുണ്ട്.

ബി ജെ പി കാടടച്ച് പ്രചരണം കൊഴുപ്പിക്കുമ്പോൾ പക്ഷേ കോൺഗ്രസ് ബഹളങ്ങൾ ഇല്ലാതെ താഴെ തട്ടിലുള്ള പ്രചരണങ്ങളാണ് കാഴ്ച വെയ്കുന്നത്. ഓരോ ബൂത്തിലും മുഴുവൻ സമയ പ്രവർത്തകരെ നിയമിച്ച് അവർ വഴി പരമാവധി വോട്ടർമാരിലേക്ക് എത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. സംസ്ഥാന സർക്കാരിന്റെ പരാജയങ്ങൾ എണ്ണി പറഞ്ഞ്, കോൺഗ്രസിന് അധികാരം ലഭിച്ചാൽ നടപ്പാക്കാനുള്ള വാഗ്ദാനങ്ങൾ അക്കമിട്ട് ആവർത്തിച്ചുള്ള പ്രചരണങ്ങളും കോൺഗ്രസ് നടത്തുന്നു.

ആം ആദ്മി തങ്ങൾക്കല്ല ബി ജെ പിക്കാണ് ക്ഷീണം തീർക്കുകയെന്നാണ് കോൺഗ്രസ് പറയുന്നത്. നഗര കേന്ദ്രീകൃത മേഖലയിൽ കോൺഗ്രസിന് ഇതുവരെ കടന്ന് കേറാൻ പറ്റാത്ത 66 ഓളം സീറ്റുകളിൽ ആം ആദ്മി ബി ജെ പിയെ തളർത്തുമെന്ന് കോൺഗ്രസ് പറയുന്നു. അതേസമയം കോൺഗ്രസ് പറയുന്നത്. എന്തായാലും ആം ആദ്മിയുടെ നീക്കങ്ങൾ ഫലം കാണുമോയെന്നറിയാൻ ഡിസംബർ 8 വരെ കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications