ഗുജറാത്തിലെ ഏറ്റവും വലിയ മുസ്ലീം കേന്ദ്രത്തില്‍ പശു സംരക്ഷണ കേന്ദ്രം വരുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ ഏറ്റവും വലിയ മുസ്ലീം കോളനിയായ ജുഹപുരയില്‍ പശു സംരക്ഷണ കേന്ദ്രം നിര്‍മിക്കുന്നു. പശുക്കളെ കൊല്ലുന്നത് ജീവപര്യന്തം ശിക്ഷയാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിയമത്തിന് പിന്നാലെയാണ് മഹല്ല് കമ്മറ്റി യോഗം ഇത്തരമൊരു തീരുമാനമെടുത്തത്. ആധുനിക സംവിധാനമുള്ള സംരക്ഷണ കേന്ദ്രമാണ് വരുന്നത്.
ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ പശു സംരക്ഷണത്തിനായി പുതിയ നിയമം കൊണ്ടുവന്നത്. പശുക്കളെ കൊല്ലുന്നവര്‍ക്കുള്ള ഏറ്റവും കടുത്ത ശിക്ഷയാണ് നിലവില്‍ ഗുജറാത്തിലുള്ളത്. ഇതുവഴി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ഭരണ കക്ഷിയായ ബിജെപിയുടെ കണക്കുകൂട്ടല്‍.

ജുഹപുരയില്‍ ഏതാണ്ട് 5 ലക്ഷത്തോളം മുസ്ലീങ്ങള്‍ താമസിക്കുന്നുണ്ട്. 1973ലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുനരധിവാസ പദ്ധതി പ്രകാരം എത്തിപ്പെട്ടവരാണ് ഇവിടെയുള്ള മുസ്ലീങ്ങള്‍. ഏറ്റവും പാവപ്പെട്ടവര്‍ മുതല്‍ പണക്കാര്‍ വരെ ഇവിടെ താമസിക്കുന്നു. ഹസ്രത് അലിയുടെ ജന്മവാര്‍ഷികം പ്രമാണിച്ചുകൂടിയാണ് പശു സംരക്ഷണ കേന്ദ്രം നിര്‍മിക്കാന്‍ മഹല്ല് കമ്മറ്റി തീരുമാനിച്ചത്.
പശു സംരക്ഷണകേന്ദ്രം പണിയാന്‍ സഹായത്തിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് എഴുതിയതായി മുസ്ലീം സംഘടനാ നേതാവ് അന്‍വര്‍ ഷെയ്ക്ക് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. ഈ വര്‍ഷം അവസാനത്തോടെ ഷെല്‍ട്ടര്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications