ഹരിയാന ഫലം: ഹരിയാനയില്‍ കോണ്‍ഗ്രസ് തേരോട്ടത്തിലേക്കോ? ആദ്യ സൂചനകളില്‍ 47 സീറ്റിലും കോണ്‍ഗ്രസ്, ബിജെപി 25
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും ജമ്മു കശ്മീരിലും ആര് അധികാരം പിടിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. കഴിഞ്ഞ പത്ത് വർഷമായി ബി ജെ പി അധികാരത്തിലിരിക്കുന്ന ഹരിയാനയാണ് ഇതില്‍ ഏറ്റവും നിർണ്ണായകം. ഹരിയാനയില്‍ നിന്നുള്ള ആദ്യഘട്ട ഫലസൂചനകള്‍ കോണ്‍ഗ്രസിന് കാര്യമായ മുന്‍തൂക്കം തന്നെ ലഭിക്കുന്നുണ്ട്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഹരിയാനയില്‍ 47 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസാണ് ലീഡ് പിടിച്ചത്. ഭരണകക്ഷിയായ ബി ജെ പിക്ക് 25 സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. ബി ജെ പി തിരിച്ചടി നേരിടുമ്പോഴും ലാല്‍പ സീറ്റില്‍ മുഖ്യമന്ത്രി നയാബ് സിങ് സൈനി മുന്നിട്ട് നില്‍ക്കുകയാണ്.

ഹരിയാനയിലെ 5 സീറ്റില്‍ സ്വതന്ത്രന്‍ ഉള്‍പ്പെടേയുള്ളവർ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഇതില്‍ ഐ എന്‍ എല്‍ ഡി - ബി എസ് പി സഖ്യത്തിന്റേയും ജെ ജെ പി - എ എസ് പി സഖ്യത്തിന്റേയും സ്ഥാനാർത്ഥികളും വിമതനുമുണ്ട്. കോണ്‍ഗ്രസ് , ബി ജെ പി, ജെ ജെ പി തുടങ്ങിയ പാർട്ടികള്‍ക്കെല്ലാം തന്നെ ഇത്തവണ സംസ്ഥാനത്ത് ശക്തരായ വിമത സ്ഥാനാർത്ഥികള്‍ ഉണ്ടായിട്ടുണ്ട്. തുടക്കത്തിലെ ലീഡ് നില കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. സാധാരണയായി വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഹരിയാനയില്‍ ബി ജെ പിയാണ് മുന്നിട്ട് നില്‍ക്കാറുള്ളത്.

ശ്രദ്ധേയമായ മത്സരം നടക്കുന്ന ജുലാന മണ്ഡലത്തില്‍ വിനേഷ് ഫോഗട്ട് മുന്നില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്ര സുരക്ഷിതമല്ലാത്ത മണ്ഡലമായിട്ട് കൂടി വിനേഷില്‍ വിശ്വാസം അർപ്പിച്ചുകൊണ്ടായിരുന്നു മണ്ഡലത്തില്‍ അവരെ മത്സരിപ്പിച്ചത്. ആ വിശ്വാസം അവർ കാക്കുന്നുവെന്നാണ് ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഹരിയാനയില്‍ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം തന്നെ പ്രവചിച്ചിരുന്നത്. ആദ്യഘട്ട ഫലസൂചനകളും ഇത് ശരിവെക്കുന്നു. ആകെ 90 സീറ്റുകളുള്ള ഹരിയാന നിയമസഭയില്‍ 89 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. സഖ്യ ധാരണയുടെ ഭാഗമായി ഒരു സീറ്റ് സി പി എമ്മിന് കൈമാറി. ബി ജെ പിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 89 സീറ്റിലും അവർ തനിച്ചാണ് മത്സരിച്ചത്.












Click it and Unblock the Notifications