പച്ചില പെട്രോള്‍ തട്ടിപ്പ്; രാമര്‍ പിള്ളൈയ്ക്ക് 3 വര്‍ഷം തടവ്
ചെന്നൈ: ഒരു കാലത്ത് രാജ്യമെങ്ങും ചര്‍ച്ചാ വിഷയമായിരുന്ന പച്ചില പെട്രോള്‍ അവതരിപ്പിച്ച രാമര്‍ പിള്ളൈയെ പ്രത്യേക സിബിഐ കോടതി 3 വര്‍ഷം തടവിന് ശിക്ഷിച്ചു. 1999ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണു ശിക്ഷ. വ്യാജ പെട്രോള്‍ വിറ്റ് രണ്ടു കോടിയോളം രൂപ തട്ടിച്ചുവെന്നാരോപിച്ചായിരുന്നു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
രാമര്‍ പിള്ളൈയെ കൂടാതെ ആര്‍. വേണുദേവി, എസ്.ചിന്നസ്വാമി, ആര്‍ രാജശേഖരന്‍, എസ്.കെ ഭരത് എന്നിവര്‍ക്കും ചെന്നൈ എഗ്‌മോര്‍ അഡീഷണല്‍ ചീഫ് മെട്രോപാളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. 6,000 രൂപ വീതം പിഴയടയ്ക്കാനും വിധിച്ചിട്ടുണ്ട്. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ച് കബളിപ്പിച്ചുവെന്ന് കണ്ടെത്തിയതായി കോടതി വ്യക്തമാക്കി.

ചില പ്രത്യേക പച്ചിലകള്‍ പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി തിളപ്പിക്കുമ്പോള്‍ വാഹനത്തിലുപയോഗിക്കാവുന്ന ഇന്ധനം ലഭിക്കുമെന്നായിരുന്നു രാമറിന്റെ അവകാശവാദം. എന്നാല്‍, ഇത് തെറ്റാണെന്ന് സിബിഐ കണ്ടെത്തി. സിബിഐ അന്വേഷണത്തില്‍ ടൊളുവീന്‍, നാഫ്ത തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് ഇന്ധനം ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിരുന്നു.


Click it and Unblock the Notifications