ഹിജാബ് നിരോധനം; അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി..ഹർജി തള്ളി
ബെംഗളൂരു; കർണാടകയിലെ ഹിജാബ് നിരോധനത്തിൽ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഹർജി കോടതി തള്ളി. ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളതിനാലാണ് കേസിൽ ഇടപെടാത്തതെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ഹൈക്കോടതിയിൽ നിന്നുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നൽകിയ ഹർജിയിലാണ് കോടതിയുടെ മറുപടി. ശബരിമല അടക്കമുള്ളയിടങ്ങളിലെ വിശ്വാസ പ്രശ്നങ്ങൾ തീർപ്പു കൽപിക്കുന്നതിന് സുപ്രീംകോടതി നിയമിച്ച ഒൻപതംഗ ഭരണഘടനാ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നായിരുന്നു കപിൽ സിബലിന്റെ ഹർജിയിലെ ആവശ്യം.

ആർട്ടിക്കിൾ 21 പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ ഹിജാബ് ധരിക്കാമോ എന്ന ചോദ്യം സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന് മുമ്പാകെ വെയ്ക്കണമെന്ന് സിബൽ പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്ക് നേരെ കല്ലേറുണ്ടായിരുന്നുവെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ അടഞ്ഞ് കിടക്കുകയാണെന്നും കപിൽ കോടതിയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പരീക്ഷകൾ ഉടൻ നടക്കാനിരിക്കുകയാണെന്നും വിഷയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്നും സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യമാണെന്നും സിബൽ പറഞ്ഞു.
അതിനാൽ ഹർജി ഇന്ന് തന്നെ അടിയന്തര പ്രാധാന്യത്തോടെ പരിശോധിക്കണമെന്ന് കപിൽ അഭ്യർത്ഥിച്ചു. അതേസമയം ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വ്യാഴാഴ്ച കേസ് പരിഗണിക്കുന്നുണ്ടെന്നും വിഷയത്തിൽ ഹൈക്കോടതിക്ക് നിലപാടെടുക്കാൻ ഒരു ദിവസത്തെ സമയമെങ്കിലും വേണം ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.
' ഇപ്പോൾ ഞങ്ങൾ കേസ് പരിഗണിച്ചാൽ ഹൈക്കോടതി ഹർജി പരിഗണിക്കില്ല. വിഷയം ഹൈക്കോടതി പരിശോധിക്കട്ടെ. മൂന്നംഗ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. അവർക്ക് ഒരു ദിവസത്തെ സമയമെങ്കിലും നൽകുക. ഇപ്പോഴത്തെ ഇടപെടൽ വളരെ നേരത്തേ ആയിപ്പോകും', കോടതി പറഞ്ഞു.
ഹിജാബ് വിവാദം കർണാടകയിൽ ആളിക്കത്തുകയാണ്. വിഷയത്തിൽ കടുത്ത പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് സർക്കാർ അവധി പ്രഖ്യാപിച്ചരുന്നു. ബെംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള എല്ലാ ഒത്തുചേരലുകളും പ്രതിഷേധങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിച്ചിട്ടുമുണ്ട്. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ പ്രതികരിച്ചത്.
Recommended Video
അതേസമയം വിഷയത്തിൽ ഉഡുപ്പി സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി വിശാലബെഞ്ചിനു വിട്ടിരുന്നു. നിരോധനത്തിനെതിരെ ഇടക്കാല ഉത്തരവ് വേണോ എന്ന് വിശാല ബെഞ്ച് തീരുമാനമെടുക്കും.












Click it and Unblock the Notifications