ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അസാധാരണ ഹൃദയമിടിപ്പിനും കാരണമായേക്കാമെന്ന് എയിംസ് ഡയറക്ടര്‍
ദില്ലി: ആഗോള തലത്തില്‍ തന്നെ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മലമ്പനിയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ആണ് പലയിടങ്ങളിലും ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിന്നും ആദ്യഘട്ടത്തില്‍ 13 വിദേശ രാജ്യങ്ങളിലേക്കാണ് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കയറ്റി അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ മരുന്ന് കയറ്റുമതി ചെയ്യണമെന്ന് തീരുമാനിച്ച് ഇന്ത്യയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കൊറോണ ചികിത്സക്ക് ഫലപ്രദമാണോയെന്ന കാര്യം വിശദമായ പരിശോധനകളിലൂടെ മാത്രമേ പറയാന്‍ സാധിക്കൂമെന്ന് ഇതിന് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്നും വ്യക്തമാക്കി ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഹൈഡ്രോക്‌സിക്ലോറോക്വീന്‍ എന്നത് എല്ലാത്തിനുമുള്ള ചികിത്സയല്ല. മറ്റ് എല്ലാത്തിനേയും പോലെ ഇതിനും പാര്‍ശ്വഫലങ്ങളുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് കാരണമായേക്കാം. അസാധാരണ ഹൃദയമിടിപ്പിനും കാരണമായേക്കാം. ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായേക്കാം' രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
കൊറോണ പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിക്കാമെന്ന് റിപ്പോര്‍ട്ടുകളെ പൂര്‍ണ്ണമായും വിലക്കെടുക്കാന്‍ കഴിയില്ലെന്നും അതേസമയം മറ്റ് ചികിത്സകളൊന്നും ലഭ്യമല്ലാത്തതിനാല്‍ ഇത് തന്നെ പരീക്ഷിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു.
'ചില ലാബ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കൊറോണ പ്രതിരോധിക്കുമെന്നാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അത്ര ശക്തമല്ല. ചൈനയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമുള്ള പഠനങ്ങള്‍ പറയുന്നത് ഹൈഡ്രോക്‌സിക്ലോറോക്വീനും അസിത്രോമൈസിനും ചേര്‍ന്ന മിശ്രിതം കൊറോണ രോഗികള്‍ക്ക് ഫലപ്രദമാണെന്നാണ്. നിലവില്‍ മറ്റ് ചികിത്സകള്‍ ലഭ്യമല്ലാത്തതിനാല്‍ ഇത് തന്നെ തുടരാവുന്നതാണ്.' രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കയറ്റുമതി ചെയ്യുന്ന 13 വിദേശ രാജ്യങ്ങളുടെ പട്ടികയാണ് ഇന്ത്യ പുറത്ത് വിട്ടിട്ടുള്ളത്. യുഎസ്, സ്‌പെയിന്‍, ജര്‍മനി, ബെഹ്‌റിന്‍, ബ്രസീല്‍, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, സീഷെല്‍സ്, മൗറീഷ്യസ്, ഡൊമനിക്കല്‍ റിപ്പബ്ലിക്, എന്നീ രാജ്യങ്ങളിലേക്കാണ് മരുന്ന് കയറ്റി വിടുന്നത്.
രണ്ടാം ഘട്ടത്തില്‍ ബ്രസീലും കാനഡയും 50 ലക്ഷം ഗുളികകളാണ് പ്രതീക്ഷിക്കുന്നതെന്നും ആദ്യഘട്ടത്തില്‍ മരുന്ന് നിര്‍മ്മാണത്തിനാവശ്യമായ 0.53 മെട്രിക് ടണ്‍ ഘടകങ്ങളാണ് ബ്രസീലിലേക്ക് കയറ്റുമതി ചെയ്യുന്നകയെന്നുമാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.












Click it and Unblock the Notifications