മണിപ്പൂരിൽ ഭരണഘടന സംവിധാനം തകർന്നു, ഡിജിപി നേരിട്ട് ഹാജരാകണം';രൂക്ഷവിമർശനവുമായി സുപ്രീം കോടതി
ഡൽഹി: മണിപ്പൂർ കലാപത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. സംസ്ഥാനത്ത് ഭരണഘടന സംവിധാനം പൂർണമായി തകർന്നുവെന്ന് കോടതി പറഞ്ഞു.എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലും ഇരകളുടെ മൊഴി രേഖപ്പെടുത്തുന്നതിനും പോലീസിന് വീഴ്ച പറ്റിയെന്നും കോടതി കുറ്റപ്പെടുത്തി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനും പോലീസിനുമെതിരെ ആഞ്ഞടിച്ചത്.

ഉച്ചയോടെയായിരുന്നു ഹർജികൾ പരിഗണിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 6523 എഫ്ഐആറുകൾ ഫയൽ ചെയ്തതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിൽ 11 കേസുകൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അത്രമിക്രമങ്ങൾക്കെതിരെയാണെന്നും മെഹ്ത്ത കോടതിയിൽ പറഞ്ഞു.
കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഇതോടെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ടുള്ള കേസിൽ ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. സംഭവത്തിൽ ഇതുവരെ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നതായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് അത് സംബന്ധിച്ച് വിവരം ഇല്ലെന്നായിരുന്നു മേഹ്ത്തയുടെ മറുപടിതുടർന്ന് രൂക്ഷവിമർശനമായിരുന്നു കോടതി ഉയർത്തിയത്.
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് പറഞ്ഞ കോടതി എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് കണ്ടെത്തേണ്ടത് ഡിജിപിയുടെ ചുമതലയാണെന്ന് വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കവെ ഡിജിപി നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ പോലീസിന് സാധിക്കുമെന്ന് കരുതുന്നില്ല. ഇതുവരെ ആറായിരത്തോളം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും വെറും 7 പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും കോടതി ചോദിച്ചു. പ്രതികളെ കണ്ടെത്തുന്നതിൽ അലസമനോഭാവമാണ് പോലീസുകാർ സ്വീകരിച്ചത്. നിയമസംവിധാനങ്ങളോടുള്ള വിശ്വാസം തകരാൻ അത് കാരണമായി', സുപ്രീം കോടതി പറഞ്ഞു.
'സംസ്ഥാന പോലീസ് പൂർണമായും പരാജയപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നു. അങ്ങനെയൊരു ഇടത്ത് എങ്ങനെയാണ് നീതി നടപ്പാകുക? എങ്ങനെയാണ് പൗരൻമാർ സുരക്ഷിതരായിരിക്കുക', കോടതി ചോദിച്ചു. 6523 എഫ് ഐ ആറുകൾ അന്വേഷിക്കാൻ സി ബി ഐക്ക് സാധിക്കില്ലെന്നും കോടതി പറഞ്ഞു. മണിപ്പൂർ കലാപം അന്വേഷിക്കാൻ വിരമിച്ച ജഡ്ജിമാരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications