സൗദിയില്‍ പെട്ടുപോയ 10,000 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരും, ഭക്ഷണപ്പാക്കറ്റ് വിതരണം തുടങ്ങി
ദില്ലി: സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന പതിനായിരം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കമ്പനികള്‍ പൂട്ടി തൊഴിലുടമകള്‍ പലരും നാടുവിട്ടതോടെയാണ് ഇവര്‍ക്ക് അന്യരാജ്യത്ത് കഷ്ടപ്പാട് തുടങ്ങിയത്. ലേബര്‍ ക്യാപുകളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതായും സുഷമ സ്വരാജ് ലോക്‌സഭയെ അറിയിച്ചു.
സ്ഥിതിഗതികള്‍ വിശകലനം ചെയ്യാനായി വിദേശ കാര്യ സഹമന്ത്രി വി കെ സിംഗ് ചൊവ്വാഴ്ച സൗദി അറേബ്യയിലേക്ക് തിരിക്കും. സൗദി അറേബ്യയില്‍ ഒരു ഇന്ത്യക്കാരന്‍ പോലും ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്ന സ്ഥിതി വരില്ല എന്ന് സുഷമ സ്വരാജ് ലോക്‌സഭയില്‍ ഉറപ്പുനല്‍കി. അഞ്ച് ലേബര്‍ ക്യാംപുകളില്‍ സര്‍ക്കാര്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. അടുത്ത പത്ത് ദിവസത്തേക്ക് ഇത് തുടരും.

ഇത് ഒരു സ്ഥിരം സംവിധാനമല്ല എന്ന് തങ്ങള്‍ക്ക് അറിയാം. കമ്പനികള്‍ ഫാക്ടറികള്‍ പൂട്ടി സ്ഥലം വിട്ടിരിക്കുകയാണ്. നമ്മുടെ പൗരന്മാരെ അവിടെ ഉപേക്ഷിക്കാന്‍ കഴിയില്ല. സൗദിയിലെ ലേബര്‍ ഓഫീസുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഓരോ മണിക്കൂറിലും താന്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സൗദി അറേബ്യയില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ഫോറിന്‍ ഓഫീസുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരെ ഇന്ത്യയില്‍ എത്തിച്ചത് കൊണ്ട് മാത്രം ആയില്ല. പലരുടെയും ശമ്പളം അവിടെ നിന്നും കിട്ടാനുണ്ട്. ഇത് സംബന്ധിച്ച് ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട് വരികയാണ്. വിദേശ കാര്യ സഹമന്ത്രി വി കെ സിംഗ് റിയാദില്‍ എത്തുന്നതോടെ പ്രശ്‌നങ്ങള്‍ എല്ലാം തീരുമെന്ന് പ്രതീക്ഷിക്കുന്നതായും സുഷമ സ്വരാജ് ലോക്‌സഭയില്‍ പറഞ്ഞു. നിര്‍മാണ മേഖലയിലുള്ള തൊഴിലാളികളാണ് സൗദിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ നിരവധി മലയാളികളും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications