സൗദിയും യുഎഇയുമായി വമ്പന്‍ പദ്ധതിക്ക് ഇന്ത്യ: 'ബന്ധം' കടലിന് അടിയിലൂടെ, പണി ചൈനക്ക്
ദില്ലി: സമീപകാലത്ത് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയും യു എ ഇയും തമ്മിലുള്ള ബന്ധത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുണ്ട്. പരമ്പരാഗതമായി തന്നെ തങ്ങളുടെ എണ്ണ ആവശ്യത്തിന്റെ പ്രധാനഭാഗവും ഇന്ത്യ നിറവേറ്റുന്നത് ഈ രാഷ്ട്രങ്ങളുടെ കൂടെ പിന്തുണയുടെ അടിസ്ഥാനത്തിലാണ്. ഇപ്പോഴിതാ വൈദ്യുത ഊർജ്ജ രംഗത്തും ഇന്ത്യ സൗദി അറേബ്യയുമായും യു എ ഇയുമായും വിപ്ലവകരമായ ബന്ധത്തിന് തുടക്കമിടുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
സൗദി അറേബ്യയിലെയും യുണൈറ്റഡ് അറബ് എമിറേറ്റുകളിലെയും പവർ ഗ്രിഡ് കടലിനടിയിലൂടെയുള്ള കേബിളുകൾ വഴി ബന്ധിപ്പിക്കുന്ന കാര്യമാണ് ഇന്ത്യ പരിഗണിക്കുന്നത്. വൈദ്യുതി ലഭ്യത വിപുലീകരിക്കുന്നതിനും രാജ്യത്തിന്റെ വികസനം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ ആരംഭിക്കുന്നതിനായി ഇന്ത്യയുടെ ഊർജ മന്ത്രാലയം ഇന്റർ മിനിസ്റ്റീരിയൽ കൺസൾട്ടേഷനായി നീക്കം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറമെ കടലിനടിയിലെ കേബിൾ ലിങ്ക് വഴി ബന്ധിപ്പിക്കുന്നതിന് സിംഗപ്പൂരുമായി ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന് കേന്ദ്ര ഊർജ മന്ത്രി രാജ് കുമാർ സിംഗ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേന്ദ്ര കാബിനറ്റ് അംഗീകരിച്ചുകഴിഞ്ഞാൽ, മെഗാ പദ്ധതികൾക്കായി സൗദി അറേബ്യയുമായും യുഎഇയുമായും ഉഭയകക്ഷി കരാറുകൾ ഒപ്പുവെക്കും, ഓരോ പദ്ധതിയുടെയും സാധ്യതകൾ രാജ്യങ്ങൾ വിശദമായി വിലയിരുത്തുമെന്നും രാജ് കുമാർ സിംഗ് വ്യക്തമാക്കി.
'ഇന്ത്യ-യുഎഇ കരാർ അന്തിമഘട്ടത്തിലാണ്. അതിനാൽ, പരസ്പരബന്ധിത കരാറിനായി കാബിനറ്റ് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തുടർന്ന് വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുകയും പിന്നീട് പദ്ധതി ലേലം വിളിക്കുകയും ചെയ്യും. സൗദി അറേബ്യയുമായുള്ള പദ്ധതിയും പരിഗണനയിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള പരസ്പര ബന്ധത്തിനായി സിംഗപ്പൂരുമായി ചർച്ചകളും ആരംഭിച്ചിട്ടുണ്ട്," സിംഗ് പറഞ്ഞു.
കരാർ നടപ്പിലാക്കുന്നതിലൂടെ രാജ്യങ്ങൾക്ക് ചെലവേറിയ പുനരുപയോഗ ഊർജ്ജ സംഭരണ പരിഹാരങ്ങളുടെ ആവശ്യകത കുറയ്ക്കാനും അവരുടെ പവർ ഗ്രിഡുകളുടെ വിശ്വാസ്യത മെച്ചപ്പെടുത്താനും കഴിയും. അതേസമയം ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സൗദി അറേബ്യ, യുഎഇ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ എംബസികള്‍ ഇതുവരെ മറുപടി നല്‍കിയില്ലെന്നാണ് ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് എതിരായി ആഗോള പവർ ഗ്രിഡിലൂടെ രാജ്യങ്ങളെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ് (OSOWOG) പദ്ധതിയും ഇന്ത്യ പിന്തുടരുന്നുണ്ട്. ആഗോള ഗ്രിഡിന്റെ കരട് ചട്ടക്കൂട് തയ്യാറായെന്നും ആദ്യ ഘട്ടത്തിൽ മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ (MESASEA) എന്നീ രാജ്യങ്ങൾ തമ്മിൽ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൗരോർജ്ജം പോലുള്ള ഹരിത ഊർജ സ്രോതസ്സുകൾ പങ്കിടുമെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
രണ്ടാം ഘട്ടത്തിൽ ഗ്രിഡിനെ ആഫ്രിക്കൻ പവർ പൂളുകളുമായി ബന്ധിപ്പിക്കുന്നതും മൂന്നാം ഘട്ടത്തില്‍ ആഗോള തലത്തില്‍ പരസ്പര ബന്ധവുമാണ് ലക്ഷ്യമിടുന്നത്. ഒരു നിശ്ചിത ഘട്ടത്തിൽ വിതരണത്തിൽ കമ്മിയുള്ള രാജ്യങ്ങളിലേക്ക് പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി മിച്ചമുള്ള ഒരു രാജ്യത്ത് നിന്ന് വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനാണ് OSOWOG സംരംഭം വിഭാവനം ചെയ്തത്.
''പ്രാദേശിക ആവശ്യങ്ങൾക്കപ്പുറം ശുദ്ധമായ ഊർജം കയറ്റുമതി ചെയ്യാൻ രാജ്യങ്ങളെ സഹായിക്കുന്നതിനാൽ ഇത് വളരെ പ്രധാനപ്പെട്ട ഒരു സംരംഭമാണ്," എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (TERI) ഇലക്ട്രിസിറ്റി ആൻഡ് ഫ്യുവൽസ് സീനിയർ ഡയറക്ടർ എ കെ സക്സേനയെ ഉദ്ധരിച്ച് ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
OSOWOG സംരംഭത്തിന്റെ ഭാഗമായി, കടലിനടിയിലെ കേബിളുകൾ വഴി തങ്ങളുടെ പവർ ഗ്രിഡുകളെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ഇന്ത്യയും യുഎഇയും പദ്ധതിയിട്ടതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ റീജിയണൽ ഗ്രിഡുകളെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജം പങ്കുവയ്ക്കുന്നതിനുള്ള സാധ്യതകൾ ഇന്ത്യൻ ഊർജ മന്ത്രാലയം രൂപീകരിച്ച ഒരു ടാസ്‌ക് ഫോഴ്‌സ് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീലങ്ക, മാലിദ്വീപ്, മ്യാൻമർ എന്നിവയുമായി ഉഭയകക്ഷി പരസ്പര ബന്ധിത പദ്ധതികൾ ഇന്ത്യ ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഡിസംബറിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ലക്ഷദ്വീപ് വഴി ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വൈദ്യുതി വിതരണത്തിന്റെ സാങ്കേതിക സവിശേഷതകൾ പഠിക്കാൻ ഒരു ഇന്ത്യൻ സാങ്കേതിക സംഘം 2022 ൽ മാലിദ്വീപ് സന്ദർശിച്ചു. കൂടാതെ, ഇന്ത്യയുടെയും ശ്രീലങ്കയുടെയും ദേശീയ പവർ ഗ്രിഡുകളുടെ ഓവർഹെഡ് കണക്റ്റിവിറ്റിക്കുള്ള ചർച്ചകളും നടക്കുന്നു. പദ്ധതി നടപ്പിലാവുകയാണെങ്കില്‍ സൌദിയിലും യുഎഇയിലും ഉത്പാദിപ്പിക്കുന്ന വൈദുത്യുതി കൊണ്ട് നമ്മുടെ നാട്ടിലെ ബള്‍ബുകളും തെളിയും.












Click it and Unblock the Notifications