ഇന്ത്യയിലെ ജനാധിപത്യ ആശങ്കകൾ മോദിയുമായി ചർച്ച ചെയ്യണം; ബൈഡന് കത്തയച്ച് യുഎസ് നിയമനിർമ്മാതാക്കൾ
വാഷിംഗ്ടൺ; ഇന്ത്യയിലെ ജനാധിപത്യത്തേയും മനുഷ്യാവകാശങ്ങളേയും കുറിച്ചുള്ള ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്തയച്ച് അമേരിക്കയിലെ നിയമനിർമ്മാതാക്കൾ. സെനറ്റർമാർ അടക്കമുള്ള 70 ഓളം ജനപ്രതിനിധികളാണ് മോദിയുടെ യുഎസ് സന്ദർശനത്തിന് തൊട്ട് മുൻപ് ബൈഡന് കത്തയച്ചത്.
ഇന്ത്യയിൽ മതപരമായ അസഹിഷ്ണുത വർധിക്കുകയാണെന്നും രാഷ്ട്രീയ ഇടങ്ങൾ ഇല്ലാതാകുന്നുവെന്നും മനുഷ്യാവകാശ സംഘടനകളേയും മാധ്യമപ്രവർത്തകരേയും ലക്ഷ്യമിടുന്നുവെന്നും പത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നുമുള്ള നിരവധി റിപ്പോർട്ടുകളുടെ പരമ്പരകളാണ് രാജ്യത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പ്രതിരോധം, വിതരണ ശൃംഖല, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിൽ യുഎസും ഇന്ത്യയും തമ്മിലുള്ള സഹകരണം ആഴത്തിലാക്കുന്നതിനുള്ള നടപടികൾക്ക് എല്ലാ പിന്തുണയും നൽകുന്നതായി നിയമനിർമ്മാതാക്കൾ കത്തിൽ ഊന്നിപറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ഇടപെടലിനെ പിന്തുണയ്ക്കുന്നുവെന്നും അവർ കത്തിൽ വ്യക്തമാക്കി.
'ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനേയോ രാഷ്ട്രീയ പാർട്ടിയേയോ ഞങ്ങൾ അംഗീകരിക്കുന്നില്ല,അത് ഇന്ത്യയിലെ ജനങ്ങളുടെ തീരുമാനമാണ്. എന്നാൽ അമേരിക്കൻ വിദേശനയത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു', കത്തിൽ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘവും ശക്തവുമായ ബന്ധം വിജയരകരമാക്കുന്നതിനുള്ള സുപ്രധാനമായ മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും ഇരു രാജ്യങ്ങളും പങ്കിട്ട താത്പര്യങ്ങൾ മാത്രമല്ല മൂല്യങ്ങളും കെട്ടിപ്പടുക്കണമെന്നും നിയമനിർമ്മാതാക്കൾ കത്തിൽ വ്യക്തമാക്കി.
യുഎസ് കോൺഗ്രസ് അംഗവും മലയാളിയുമായ പ്രമീള ജയപാൽ, സെനറ്റർ ക്രിസ് വാൻ ഹോളൻ എന്നിവർ അടക്കമുള്ളവരാണ് കത്തയച്ചത്.
അതേസമയം മേദിയുടെ സന്ദർശനത്തിനിടെ പലയിടത്തും പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ചേർന്ന് വിവാദമായ ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ, ദി മോദി ക്വസ്റ്റിയന്‍', വാഷിംഗ്ടണിൽ പ്രദർശിപ്പിക്കും. സ്വകാര്യ പ്രദര്‍ശനത്തിലേക്ക് മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകരേയും ക്ഷണിച്ചിട്ടുണ്ട്.
24 വരെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. ഇന്നലെ അദ്ദേഹം ന്യൂയോർക്കിൽ എത്തി. 22ന് ജോ ബൈഡനും ജില്‍ ബൈഡനും മോദിക്ക് ഔദ്യോഗികവിരുന്ന് നല്‍കും. അന്ന് യുഎസ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ മോദി പ്രസംഗിക്കും. 23 വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളുടെ നേതൃത്വത്തിൽ മോദിക്ക് പ്രത്യേക സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.












Click it and Unblock the Notifications