ഇന്ത്യയുടെ കടുത്ത നടപടി; പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി, സിന്ധു നദീജല കരാർ മരവിപ്പിച്ചു
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചതായും പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും സർക്കാർ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന സുരക്ഷ സമിതി യോഗത്തിലാണ് നിർണായക തീരുമാനം.
വാഗ-അട്ടാരി അതിർത്തി പൂർണമായും അടച്ചു. സാധുവായ രേഖകളുമായി അതിർത്തി കടന്നവർക്ക് മെയ് 1 ന് മുൻപ് അതിർത്തി വഴി തിരികെ വരാൻ സാധിക്കും. സാർക്ക് വിസ എക്സംപ്ഷൻ സ്കീം (എസ് വി ഇ എസ്) പ്രകാരം പാക്കിസ്ഥാൻ പൗരൻമാർക്ക് ഇനി ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ല. പാക് പൗരൻമാർക്ക് മുൻപ് നൽകിയിട്ടുള്ള വിസ റദ്ദാക്കും.

ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാനും തീരുമാനമായി. നിലവിൽ 55 ഉദ്യോഗസ്ഥരാണ് നയതന്ത്ര കാര്യാലയത്തിൽ ഉള്ളത്. ഇത് 30 ആക്കും. ഇവർക്ക് രാജ്യം വിടാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ള ഉപദേഷ്ടാക്കളെ പിൻവലിക്കാനും യോഗത്തിൽ തീരുമാനമായി.
ഇതാദ്യമായാണ് പാക്കിസ്ഥാനെതിരെ ഇത്ര കടുത്ത നടപടി ഇന്ത്യ സ്വീകരിക്കുന്നത്. സിന്ധു നദീതട കരാർ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1960 ലാണ് കരാർ രൂപീകരിച്ചത്. കരാർ റദ്ദാക്കിയതോടെ സിന്ധു നദിയിൽ നിന്നും പോഷക നദികളായ ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവിടങ്ങളിൽ നിന്നുമുള്ള ജലവിതരണം നിർത്തലാക്കും. പാക്കിസ്ഥാൻ പ്രധാനമായും ആശ്രയിക്കുന്ന ജലവിതരണ പദ്ധതിയാണിത്. അതുകൊണ്ട് തന്നെ കോടിക്കണക്കിനെ പേരെയാകും ഈ തീരുമാനം ബാധിക്കുക.
പഹൽഗാം ആക്രമണത്തിന് പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാൽ അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസിന്റെ സന്ദർശന വേളയിൽ തന്നെ അക്രമം നടത്തി കാശ്മീർ വീണ്ടും ചർച്ചയാക്കാനുള്ള പാക്ക് ബുദ്ധിയാണോ ഇതിന് പിന്നിൽ എന്ന ചോദ്യമാണ് ഉയരുന്നത്.
കാശ്മീരിനെ മറന്നിട്ടില്ലെന്ന പാക് സൈനിക മേധാവിയുടെ പ്രതികരണവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. 'കാശ്മീർ നമ്മുടെ കഴുത്തിലെ സിരയാണ് അതാരും മറക്കരുത്', എന്നായിരുന്നു അടുത്തിടെ ഇസ്ലാമാബാദിൽ നടന്ന പരിപാടിക്കിടെ ജനറൽ മുനീറിന്റെ വാക്കുകൾ. നമ്മുടെ കുട്ടികളോട് നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് പഠിപ്പിക്കണമെന്നും സൈനിക മേധാവി പറഞ്ഞിരുന്നു. ' നമ്മുടെ പൂർവ്വികർ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് കരുതിയിരുതെന്ന വസ്തുത കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാണം. അവർ ഇതൊന്നും മറക്കരുത്. നമ്മുടെ മതം വ്യത്യസ്തമാണ്, ആചാരങ്ങൾ , ചിന്തകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമാണ്. ഇന്ത്യയും പാക്കിസ്ഥാനും രണ്ട് രാജ്യങ്ങളാണ് , ഒരിക്കലും ഒന്നല്ല, ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് വഴിവെച്ചത്', മുനീർ പറഞ്ഞു. ഈ പ്രകോപന പ്രസംഗം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുൻപാണ് പഹൽഗാമിൽ 28 പേരെ ഭീകരർ വകവരുത്തിയത്.
അതേസമയം നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവന് ഇന്ത്യ ശക്തമായ മറുപടി നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ' കൃത്യവും ഉചിതവുമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ കൈക്കൊള്ളും. ഭീകരാക്രമണം നടത്തിയവരെ മാത്രമല്ല, ഇന്ത്യയുടെ മണ്ണിൽ ഇത്തരം നീച പ്രവൃത്തി നടത്താൻ ഗൂാഢോലചന നടത്തിയവരേയും തിരശീലക്ക് പിന്നിലുള്ളവരേയും ഞങ്ങൾ പിടികൂടും' , പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്നും അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.












Click it and Unblock the Notifications