'ശശി തരൂരിനോട് കോൺഗ്രസിന് അസൂയ ആണോ? അസഹിഷ്ണുത ഉണ്ടോ?'; പരിഹസിച്ച് ബിജെപി
ഡൽഹി: പാക് ഭീകരതയെക്കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിൽ തരൂരിനെ ഉൾപ്പെടുത്തിയത് സംബന്ധിച്ച് വിവാദങ്ങൾക്കിടെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബി ജെ പി. കോൺഗ്രസിന് ശശി തരൂരിനോട് അസൂയ ആണോയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. യുഎന്നിലടക്കം പ്രവൃത്തിച്ച് അനുഭവപരിഭവമുള്ള തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താൻ എന്തുകൊണ്ടാണ് കോൺഗ്രസ് തയ്യാറാകാതിരുന്നതെന്നും മാളവ്യ എക്സിൽ കുറിച്ചു.
' ശശി തരൂരിന്റെ വാക് ചാതുര്യം, ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചതിന്റെ ദീർഘകാല അനുഭവം, വിദേശനയ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവ് എന്നിവയൊന്നും ആർക്കും നിഷേധിക്കാൻ സാധിക്കില്ല. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാന വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിദേശത്തേക്ക് അയയ്ക്കുന്ന പ്രതിനിധി സംഘത്തിൽ ശശി തരൂരിനെ ഉൾപ്പെടുത്താൻ രാഹുൽ ഗാന്ധി തയ്യാറാകാതിരുന്നത്', മാളവ്യ ചോദിച്ചു. 'ഇതെന്താണ് അരക്ഷിതാവസ്ഥയോ? അസൂയയോ? ആരെങ്കിലും ഹൈക്കോടതിയെ മറികടന്നാൽ അതിനോടുള്ള അസഹിഷ്ണുതയാണോ?, നയതന്ത്ര യോഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൗതുകകരമാണെന്ന് മാത്രമല്ല, സംശയാസ്പദവുമാണ്', മാളവ്യ എക്സിൽ പങ്കിട്ട കുറിപ്പിൽ പറഞ്ഞു.

പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താൻ നാല് പേരായിരുന്നു കോൺഗ്രസ് കേന്ദ്രസർക്കാരിന് കൈമാറിയത്. മുൻ കാബിനറ്റ് മന്ത്രി ആനന്ദ് ശർമ്മ, ലോക്‌സഭയിലെ പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാ എംപി ഡോ സയ്യിദ് നസീർ ഹുസൈൻ, ലോക്‌സഭാ എംപി രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് കൈമാറിയത്. എന്നാൽ സംഘത്തെ നയിക്കാൻ തരൂരിനെ നിയോഗിച്ചതായി കേന്ദ്രസർക്കാർ അറിയിക്കുകയായിരുന്നു. തരൂരിനെ കൂടാതെ ബി ജെ പി നേതാക്കളായ രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജനതാദൾ (യുണൈറ്റഡ്) എം പി സഞ്ജയ് കുമാർ ഝാ, ഡി എം കെ എംപി കനിമൊഴി കരുണാനിധി, എൻ സി പി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ, ശിവസേന (ഷിൻഡെ വിഭാഗം) എം പി ശ്രീകാന്ത് ഷിൻഡെ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട മറ്റ് നേതാക്കൾ.
അതേസമയം തന്നെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ ശശി തരൂർ നന്ദി പ്രകടിപ്പിച്ചു. തനിക്ക് ലഭിച്ച കേന്ദ്രക്ഷണം ബഹുമതിയായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications