ദില്ലി കൂട്ടബലാത്സംഗം ചെറിയ സംഭവമെന്ന് അരുണ്‍ ജെയ്റ്റ്ലി?
ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗക്കേസിനെ ചെറിയ സംഭവം എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിവാദത്തില്‍. ഒരു ചെറിയ ബലാത്സംഗക്കേസ് കാരണം ടൂറിസം രംഗത്ത് രാജ്യത്തിന് ഭീമമായ നഷ്ടമുണ്ടായി എന്നായിരുന്നു കേന്ദ്ര പ്രതിരോധ - സാമ്പത്തിക മന്ത്രിയായ ജെയ്റ്റ്ലിയുടെ വാക്കുകള്‍. മില്യണ്‍ കണക്കിന് ഡോളറുകളാണ് ദില്ലി കൂട്ടബലാത്സംഗ സംഭവം രാജ്യത്തിന് നഷ്ടമുണ്ടാക്കിയത്.
സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കാഴ്ചകളെല്ലാം ദൈവം നമ്മുടെ രാജ്യത്തിന് തന്നിട്ടുണ്ട്. നമുക്ക് ഒരു പൊതു ഉത്തരവാദിത്തമുണ്ട്. ടൂറിസം രംഗത്ത് കൃത്യമായ ചുവടുവെപ്പുകള്‍ എടുക്കുന്നുണ്ട് എന്ന് നമ്മള് ഉറപ്പുവരുത്തണം. സംസ്ഥാന ടൂറിസം മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.
ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ കസേര തെറിക്കാന്‍ പോലും കാരണമായ സംഭവമാണ് 2012 ഡിസംബറില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. ഈ സംഭവത്തെയാണ് ജെയ്റ്റ്ലി ചെറുത് എന്ന് വിളിച്ചത്. അരുണ്‍ ജെയ്റ്റ്ലിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ജെയ്്റ്റ്ലി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിര്‍ഭാഗ്യകരമായിപ്പോയി എന്ന് ദില്ലി കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. ടൂറിസമാണ് മന്ത്രിയുടെ താല്പര്യം. രാജ്യത്തെ ഒരു വനിതയ്ക്ക് സ്വന്തം ജീവനാണ് നഷ്ടപ്പെട്ടത്. അത് രാജ്യത്തിന്റെ നഷ്ടമല്ലേ? അദ്ദേഹം ചോദിച്ചു. താന്‍ ഏതെങ്കിലും ഒരു സംഭവത്തെ മാത്രമായി പറഞ്ഞതല്ല എന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും ജെയ്റ്റ്ലി പിന്നീട് പ്രതികരിച്ചു.