കൊവിഡ്; കന്യാകുമാരി എംപി എച്ച് വസന്തകുമാർ അന്തരിച്ചു
ചെന്നൈ; കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് എംപി അന്തരിച്ചു. തമിഴ്നാട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡന്റും കന്യാകുമാരി എംപിയുമായ എച്ച് വസന്തകുമാറാണ് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് ബാധിച്ച് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഓഗസ്റ്റ് 10 നായിരുന്നു ഇദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതോടെ ഇദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. . കൊവിഡ് വ്യാപനം തുടങ്ങിയ സമയത്ത് ചെന്നൈയില്‍ നിന്ന് കന്യാകുമാരിയിലെത്തി മണ്ഡലത്തിൽ സജീവ ഇടപെടൽ നടത്തിയിരുന്ന നേതാവായിരുന്നു വസന്തകുമാർ.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയായിരുന്നു വസന്തകുമാർ ലോക്സഭയിലേക്ക് ജയിച്ചത്. തിരുനെല്‍വേലി ജില്ലയില്‍ നാങ്കുനേരി നിയമസഭാംഗമായിരുന്നു. വസന്ത് ആന്‍ഡ് കോ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.
എച്ച് വസന്തകുമാറിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു
വസന്തകുമാറിന്റെ മരണം ഏറെ വേദനയോടെയാണ് അറിഞ്ഞത്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം.തമിഴ്‌നാട് മുന്‍ പി.സി.സി. പ്രസിഡന്റ് കുമരി അനന്തനുമായുള്ള അടുപ്പമാണ് അദ്ദേഹത്തിന്റെ സഹോദരൻ വസന്തകുമാറിനെ അടുത്ത സുഹൃത്താക്കിയത്. കരുത്തനായ നേതാവിനെയാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്.കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്ക് ചേരുന്നു,ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല പറഞ്ഞു.