കർണാടകത്തിൽ ബിജെപിയുടെ കൈവിട്ട കളി; പ്രമുഖരെ മണ്ഡലത്തിൽ തളച്ചിടും, ഗെയിം പ്ലാൻ ഇങ്ങനെ
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ പതിവുകൾ പൊളിച്ച് കൊണ്ടായിരുന്നു പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. മുതിർന്ന നേതാക്കളിൽ പലരേയും ഒഴിവാക്കി പുതുമുഖങ്ങളേയും യുവാക്കളേയുമാണ് ഇത്തവണ ബി ജെ പി കൂടുതലായി കളത്തിലിറക്കിയത്. സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി ബിജെപിയിൽ അതൃപ്തികൾ പുകയുകയും നേതാക്കൾ കൂട്ടരാജിയിലേക്ക് കടക്കുകയും ചെയ്തെങ്കിലും ഈ നീക്കങ്ങളെല്ലാം കൃത്യമായ 'ഗെയിം പ്ലാൻ' ആണെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്ന്.
പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളായ ഡികെ ശിവകുമാർ, സിദ്ധരാമയ്യ , എച്ച് ഡി കുമാരസ്വാമി എന്നീ നേതാക്കൾക്കെതിരായ സ്ഥാനാർത്ഥി നിർണയങ്ങളും ഏറെ കണക്ക് കൂട്ടലോടെയാണെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

മുതിർന്ന നേതാക്കളായ വി സോമണ്ണയെ ആണ് വരുണയിൽ നിന്നും ബി ജെ പി മത്സരിപ്പിക്കുന്നത്. ബാംഗ്ലൂർ സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവാണ് സോമണ്ണ. അതുകൊണ്ട് തന്നെ മേഖല കേന്ദ്രീകരിച്ചുള്ള സീറ്റിനായി സോമണ്ണ കണ്ണുവെച്ചത്. എന്നാൽ സുരക്ഷിത മേഖലയല്ല നേതാക്കൾ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് വ്യക്തമാക്കിയതാണ് പഴയ മൈസൂർ മേഖലയിൽ ഉള്ള വരുണ സീറ്റിൽ നിന്നും സിദ്ധരാമയ്യയ്ക്കെതിരെ സോമണ്ണയെ ബിജെപി ഇറക്കിയത്.
പ്രമുഖ ലിംഗായത്ത് നേതാവാണ് സോമണ്ണ. പഴയ മൈസൂരുവിലെയും മധ്യ കർണാടകയിലെയും ലിംഗായത്ത് മഠങ്ങളുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് സോമണ്ണ. മണ്ഡലത്തിൽ 30 ശതമാനമാണ് ലിംഗായത്ത് ജനസംഖ്യ. കുറുബ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് സിദ്ധരാമയ്യ അതുകൊണ്ട് തന്നെ ലിംഗായത്ത് വോട്ടുകൾ മറിഞ്ഞാൽ അട്ടിമറിയുണ്ടാക്കാമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

മാത്രമല്ല മുൻ കോൺഗ്രസ് നേതാവായ സോമണ്ണ പിന്നീട് ജെഡിഎസിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും ചേക്കേറിയ നേതാവാണ്. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ നേതാക്കളുമായി സോമണ്ണയ്ക്ക് അടുത്ത ബന്ധമുണ്ട്. ഇതും ഗുണമാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.
തുടക്കത്തിൽ ബി എസ് യെദ്യൂരപ്പയുടെ മകൻ ബിവൈ വിജേന്ദ്രയെ വരുണയിൽ മത്സരിപ്പിക്കാനായിരുന്നു ഹൈക്കമാന്റിന്റെ നീക്കം. എന്നാൽ വരുണയിൽ നിന്ന് വരുണ തിരിച്ചടി നേരിടുമെന്ന ആശങ്ക യെദിയൂരപ്പ ഉന്നയിക്കുകയായിരുന്നു. യെദിയൂരപ്പയെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന ഭയത്തിൽ യെദിയൂരപ്പയുടെ മണ്ഡലമായ ശിക്കാരിപുരയിൽ നിന്നും മത്സരിപ്പിക്കാൻ ബിജെപി തയ്യാറായി.
അതേസമയം ബെംഗളൂരിവിലെ റൂറൽ മേഖലയിൽ ഉള്ള കനകപുര സീറ്റിൽ നിന്ന് ബിജെപിയുടെ മുതിർന്ന നേതാവ് അശോകയാണ് ഡികെ ശിവകുമാറിനെതിരെ മത്സരിക്കുന്നത്. മാണ്ഡ്യയിലെ ചന്നപട്ടണയിൽ മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമിക്കെതിരെ ബിജെപിയുടെ സിറ്റിങ് എംഎൽസിയായ സിപി യോഗേശ്വർ (59) മത്സരിക്കും.
മുതിർന്ന നേതാക്കളുടെ മത്സരം വെല്ലുവിളി നിറഞ്ഞതാക്കുകയെന്ന ഉദ്ദേശത്തോടും കൂടിയാണ് പ്രമുഖരെ തന്നെ ബിജെപി ഇറക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിന്റേയും ജെഡിഎസിന്റേയും മുഖങ്ങളായ നേതാക്കളെ സ്വന്തം മണ്ഡലത്തിൽ തളച്ചിട്ട് മറ്റ് മണ്ഡലങ്ങളിലേക്ക് പ്രചരണത്തിനിറങ്ങുന്നതിന് തടയിടുകയെന്നത് കൂടിയാണ് ബിജെപി കണക്ക് കൂട്ടുന്നത്.
മുതിർന്ന ബിജെപി നേതാക്കളിൽ ചിലർ എതിരാളികളുമായി സമവായമുണ്ടാക്കി വിജയിച്ച് കയറി സുപ്രധാന പദവികൾ നേടിയെടുകുകയാണെന്നും അവർ പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നില്ലെന്നുമുള്ള ആക്ഷേപം ഉണ്ട്. ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ മറികടക്കാൻ കൂടിയാണ് സുരക്ഷിത മണ്ഡലങ്ങൾ വിട്ട് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഹൈക്കമാന്റ് നേതാക്കളോട് നിർദ്ദേശിച്ചതെന്നും ബി ജെ പി നേതാക്കൾ വ്യക്തമാക്കുന്നു.
ശിവകുമാറിനെതിരെ മത്സരിക്കുന്ന അശോകയ്ക്കെതിരെയായിരുന്നു ആക്ഷേപം ഉയർന്നത്. ജെഡിഎസുമായി സമവായം ഉണ്ടാക്കിയാണ് പദ്മനാഭനഗർ സീറ്റിൽ അശോകൻ വിജയിക്കുന്നത് എന്നാണ് വിമർശനങ്ങൾ. എന്നാൽ വൊക്കാലിഗ നേതാവ് എന്ന നിലയിൽ കൂടിയാണ് ഡികെയ്ക്കെതിരെ അശോകയെ മത്സരിപ്പിച്ചതെന്നാണ് ബിജെപിയുടെ പ്രതികരണം.












Click it and Unblock the Notifications