മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് കൈമാറാന്‍ ജെഡിഎസ് തയ്യാറായി; നാളെ എന്തു നടക്കുമെന്ന് അറിയില്ല
ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി പദവി കോണ്‍ഗ്രസിന് കൈമാറാന്‍ ജെഡിഎസ് തയ്യാറായിരുന്നുവെന്ന് മന്ത്രി ഡികെ ശിവകുമാര്‍. കോണ്‍ഗ്രസിന്റെ ഏത് നേതാക്കളും മുഖ്യമന്ത്രിയായാല്‍ കുഴപ്പമില്ല എന്ന നിലപാടാണ് ജെഡിഎസ് സ്വീകരിച്ചത് എന്നും ശിവകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ശിവകുമാറിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ ആരെങ്കിലും മുഖ്യമന്ത്രിയായി പ്രശ്‌നം പരിഹരിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. പരമേശ്വര, സിദ്ധരാമയ്യ, ശിവകുമാര്‍ എന്നിവരില്‍ ആര് മുഖ്യമന്ത്രിയായാലും കുഴപ്പമില്ല എന്ന നിലപാടാണ് ദേവ ഗൗഡ സ്വീകരിച്ചതെന്നും ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിഎസ്പി എംഎല്‍എ മഹേഷ് നാളെ നിയമസഭയില്‍ എത്തുകയും സര്‍ക്കാരിന് പിന്തുണ നല്‍കുകയും ചെയ്യുമെന്നാണ് കരുതുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച നിയമസഭയില്‍ എത്തില്ലെന്ന് മഹേഷ് നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സഖ്യത്തിനോ ബിജെപിക്കോ പിന്തുണ നല്‍കേണ്ട എന്നാണ് ബിഎസ്പി അധ്യക്ഷ മായാവതി നല്‍കിയ നിര്‍ദേശമെന്ന് മഹേഷ് പറയുന്നു.
നാളെ നിയമസഭയില്‍ എന്തു സംഭവിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. ഇതുവരെ സര്‍ക്കാരിന് കുഴപ്പമില്ലെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തിങ്കളാഴ്ചയും നിയമസഭയില്‍ എത്തില്ലെന്ന് മുംബൈയിലുള്ള വിമത എംഎല്‍എമാര്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി അവര്‍ വീഡിയോ പുറത്തുവിട്ടു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ഒരു പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications