കര്‍ണാടക വെള്ളപ്പൊക്കം: മുഖ്യമന്ത്രി യെദ്യൂരപ്പയോട് പരാതി പറയാനെത്തിയ സംഘത്തിന് നേരെ ലാത്തിച്ചാര്‍ജ്
ബെംഗളുരു: വടക്കന്‍ കര്‍ണാടകയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ സംഘത്തെ തടഞ്ഞ പ്രദേശവാസികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തിയ മുഖ്യമന്ത്രി വെള്ളിയാഴ്ച ഗഡാഗ് ജില്ലയിലെ കൊന്നൂര്‍ താലൂക്ക് സന്ദര്‍ശിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ മുഖ്യമന്ത്രിയുടെ കാറിന് ചുറ്റും ധാരാളം ഗ്രാമീണരെ കാണിക്കുന്നുണ്ട്. തങ്ങളുടെ പരാതികള്‍ അറിയിക്കാനായി എത്തിയവരായിരുന്നു അവരെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭവാനിപ്പുഴയിലെ ഒഴുക്ക് മൂലം ആദ്യം പിന്തിരിഞ്ഞു: അട്ടപ്പാടിയില്‍ നിന്ന് പുറത്തെത്തിച്ചത് ആറ് പേരെ!!
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പോലീസ് ലാത്തി ചാര്‍ജുമായി അവരെ ഓടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സഞ്ചരിച്ച മുഖ്യമന്ത്രിയോട് പരാതി പറയാനെത്തിയവരെ കയറുകള്‍ ഉപയോഗിച്ചാണ് തടഞ്ഞത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉണ്ടായ വാക്കേറ്റത്തില്‍ ഉദ്യോഗസ്ഥര്‍ ഏതാനും പേരെ മര്‍ദ്ദിക്കുന്നതായി കാണാം. ഒരു പോലീസുകാരന്‍ ഒരു പ്രതിഷേധക്കാരനെ ലാത്തി ഉപയോഗിച്ച് രണ്ടുതവണ അടിക്കുന്നതും കാണാം. ജനങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നത് കണ്ടിട്ടും തടയാന്‍ ശ്രമിക്കാത്ത മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി യെദ്യൂരപ്പ വെള്ളിയാഴ്ച രാവിലെ ബെലഗാവി ജില്ല സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ വന്ന ജനങ്ങള്‍ക്ക് വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീടും വയലും നഷ്ടപ്പെടുകയും സര്‍ക്കാരില്‍ നിന്ന് ദുരിതാശ്വാസ ഫണ്ട് പ്രതീക്ഷിക്കുകയും ചെയ്തു.
കര്‍ണാടകയുടെ വടക്കന്‍, തീരദേശ ജില്ലകളില്‍ മഴയും അതിന്റെ ഫലമായുണ്ടായ വെള്ളപ്പൊക്കവും നാശം തുടരുകയാണ്. ആളുകളെ രക്ഷപ്പെടുത്താനായി 19 ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ടീമുകളും 2 സംസ്ഥാന ദുരന്ത പ്രതികരണ സേനയും (എസ്ഡിആര്‍എഫ്) 11 നിരകളും വിന്യസിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 1.5 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. എട്ട് ജില്ലകളിലായി ആരംഭിച്ച 467 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 90,000 ത്തിലധികം ആളുകളെ മാറ്റി. ഇന്ത്യന്‍ തീരസംരക്ഷണ സേന, ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ നാവികസേന എന്നിവയുടെ ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗവി, ചിക്കമഗളൂരു, കൊടഗു, ശിവമോഗ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കി.