'ബിജെപി മുക്ത ഭാരതം'; ചർച്ചകൾക്ക് വേഗം കൂട്ടി കെസിആർ, നാളെ നിതീഷ് കുമാറുമായി കൂടിക്കാഴ്ച
ദില്ലി: ബിഹാർ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ആർ ജെ ഡി തലവൻ ലാലു പ്രസാദ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരേയും കെ സി ആർ സന്ദർശിക്കും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യം കെട്ടിപടിക്കാനുള്ള നീക്കത്തിന് ശക്തിപകരുന്നതായിരിക്കും കൂടിക്കാഴ്ച. അതുകൊണ്ട് തന്നെ ഏറെ പ്രധാന്യത്തോടെയാണ് കൂടിക്കാഴ്ചയെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

കശ്മീരിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശികളായ സൈനികരുടെയും കുടിയേറ്റ തൊഴിലാളികളുടെയും കുടുംബങ്ങൾക്കുള്ള തെലങ്കാന സർക്കാരിന്റെ ധനസഹായ വിതരണത്തിനാണ് ചന്ദ്രശേഖർ റാവു ബിഹാറിൽ എത്തുന്നത്. മുഖ്യമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് റാവു ബിഹാർ സന്ദർശിക്കുന്നത്. നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് റാവുവിന്റെ സന്ദർശനം. നേരത്തേ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ അവതരിപ്പിക്കാനുള്ള ചർച്ചകൾക്ക് കെ സി ആർ ശ്രമം നടത്തിയിരുന്നു.

തേജസ്വി യാദവുമായി വലിയ അടുപ്പം പുലർത്തുന്ന നേതാവാണ് കെ സി ആർ. നേരത്തേ ബി ജെ പി ബന്ധം ഉപേക്ഷിച്ച് ജെ ഡി യു പുറത്ത് വന്നതിന് പിന്നാലെയുള്ള ബിഹാറിലെ രാഷ്ട്രീയ അട്ടിമറിയിൽ ആർ ജെ ഡിക്കൊപ്പം തന്ത്രങ്ങൾ മെനയുന്നതിൽ കെ സി ആർ നിർണായക പങ്ക് വഹിച്ചിരുന്നു. 2024 ൽ ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ ഐക്യത്തിനായി നിരന്തരം ആവശ്യമുയർത്തുന്ന നേതാക്കളിൽ ഒരാളാണ് കെ സി ആർ. അടുത്തിടെ തെലങ്കാനയിൽ സംഘടിപ്പിച്ച റാലിയിൽ '2024ൽ ബി ജെ പി മുക്ത ഭാരതം' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ബി ജെ പിക്കെതിരെ കെ സി ആർ രംഗത്തെത്തിയത്. ബി ജെ പിയുമായും മോദിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു കെ സി ആർ. തെലങ്കാന പിടിക്കാനുള്ള ബി ജെ പി നീക്കമാണ് ബന്ധം തകരാൻ കാരണമായത്.

അതിനിടെ ഇരു മുഖ്യമന്ത്രിമാരുടേയും കൂടിക്കാഴ്ചയിൽ പ്രതികരിച്ച് ജെ ഡി യു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ രംഗത്തെത്തി. പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചർച്ചകൾ മുമ്പെങ്ങുമില്ലാത്തവിധം അനിവാര്യമായിരിക്കുകയാണ്. നിതീഷ് കുമാർ ഇപ്പോൾ മുന്നോട്ട് വെയ്ക്കുന്ന വലിയ ലക്ഷ്യവും അതാണ്. എന്നാൽ കൂടിക്കാഴ്ചയെ കുറിച്ച് തനിക്ക് കൂടുതൽ അറിയില്ല. അതേസമയം രണ്ട് മുഖ്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നതിൽ യാതൊരു അസ്വാഭാവികതയും ഇല്ലെന്നും രാജീവ് രഞ്ജൻ പ്രതികരിച്ചു.

ജെ ഡി യു ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ 2024 ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിന്റെ പേര് നിർദ്ദേശിക്കപ്പെടുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും നിതീഷ് കുമാർ പോലും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നും രാജീവ് രഞ്ജൻ പറഞ്ഞു. 'വലിയ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രധാനമന്ത്രിയാകാൻ വേണ്ടതെല്ലാം അദ്ദേഹത്തിനുണ്ടെന്ന് എല്ലാവർക്കും അറിയാം, ബി ജെ പിയെ എതിർക്കുന്ന എല്ലാ പ്രാദേശിക പാർട്ടികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ട്, ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതിപക്ഷ സഖ്യത്തിനുള്ള നീക്കം ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications