കെജ്രിവാളിനോട് ശത്രുതയില്ല: അണ്ണാ ഹസാരെ
ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനോട് ശത്രുതയില്ലെന്ന് അഴിമതി വിരുദ്ധ സമരങ്ങളിലൂടെ ജനകീയനായ ഗാന്ധിയന്‍ അണ്ണാ ഹസാരെ പറഞ്ഞു. കെജ്രിവാളിനോട് ശത്രുതയില്ല എന്ന് മാത്രമല്ല, അദ്ദേഹത്തോട് സംസാരിക്കാന്‍ തയ്യാറുമാണ്. എന്നോട് സംസാരിക്കാന്‍ കെജ്രിവാളിന് ഇഷ്ടമാണോ എന്നറിയില്ല, പക്ഷേ എനിക്ക് അദ്ദേഹത്തോട് ഒരു തരത്തിലുള്ള വിദ്വേഷവുമില്ല.
ചില കാര്യങ്ങളില്‍ കെജ്രിവാളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി ഹസാരെ സമ്മതിച്ചു. അഴിമതിക്കെതിരെ സമരം നടക്കുന്ന സമയത്ത് എന്റെ പേരില്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. അത് എ എ പി ഫണ്ട് പിരിവിനും ഉപയോഗിച്ചു. എനിക്ക് ഇതുമായി ബന്ധമൊന്നും ഇല്ല.

ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് താന്‍ അരവിന്ദ് കെജ്രിവാളിന് കത്തയച്ചു. പൈസയുടെ കാര്യത്തില്‍ എനിക്ക് താല്‍പര്യം ഇല്ല. എന്നാല്‍ എന്റെ പേര് തെറ്റായി ഉപയോഗിക്കുന്നത് ശരിയല്ല. ഇതിന് കെജ്രിവാള്‍ തനിക്ക് മറുപടി അയച്ചിട്ടുണ്ട് എന്നും എന്നാല്‍ താനത് ഇതുവരെ വായിച്ചിട്ടില്ല എന്നും ഹസാരെ പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി വോട്ടുപിടിക്കാന്‍ ഇറങ്ങില്ല. ജനലോക്പാല്‍ പാസാക്കും എന്ന് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ വാഗ്ദാനം നല്‍കുന്നതിനെ അണ്ണാ ഹസാരെ വിമര്‍ശിച്ചു. അത്തരം നിയമങ്ങള്‍ പാസാക്കാന്‍ പാര്‍ലമെന്റിന് മാത്രമേ സാധിക്കൂ.
അണ്ണാ ഹസാരെയുടെ അനുയായിയായ ഒരാള്‍ അരവിന്ദ് കെജ്രിവാളിന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചിരുന്നു. ഈ സംഭവത്തിന് മുന്‍പും ഇരുനേതാക്കളും തമ്മില്‍ അത്ര സുഖത്തിലല്ല എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അണ്ണാ ഹസാരെയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് കെജ്രിവാള്‍ പറഞ്ഞത്. ഹസാരെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടി നൂറുമടങ്ങ് കരുത്തരാകുമായിരുന്നു എന്നാണ് കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.












Click it and Unblock the Notifications