കേന്ദ്രസഹായത്തിന് കടമ്പകളേറെ..... നഷ്ടക്കണക്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കാലതാമസമെടുക്കും!!
ദില്ലി: കേരളം സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിച്ച് കൊണ്ടിരിക്കുകയാണ്. ഇനി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്. വിദേശസഹായം കേന്ദ്ര സര്‍ക്കാര്‍ ആവശ്യമില്ലെന്ന് അറിയിച്ചതിനാല്‍ കേരളത്തിന് ദുരന്തത്തെ പൂര്‍ണമായി അതിജീവിക്കാന്‍ ഇനിയും സമയം വേണ്ടി വരും. ഇനി ആശ്രയിക്കാനുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടിനെയാണ്. ആദ്യ ഘട്ടമായി 600 കോടി അനുവദിച്ച് കഴിഞ്ഞിരിക്കുന്നു എന്നാണ് മോദി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇനിയുള്ള കാര്യങ്ങള്‍ കേരളത്തെ സംബന്ധിച്ച് എളുപ്പമല്ല.
കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് പണമായി കേരളത്തിന് ലഭിക്കുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി കടമ്പകള്‍ കഴിഞ്ഞ് മാത്രമേ ഈ പണം ലഭിക്കാനും സാധ്യതയുള്ളൂ. പണം ലഭിച്ച ശേഷം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനായിരുന്നു കേരളത്തിന്റെ പദ്ധതി. വിദേശ സഹായമില്ലാത്തിനാല്‍ കേന്ദ്രത്തെ വലിയ രീതിയില്‍ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു കേരളം. എന്നാല്‍ പണം വൈകുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വന്‍ തിരിച്ചടിയാവും.

കേന്ദ്രത്തിന്റെ ദുരിതാശ്വാസ സഹായം
കേന്ദ്രത്തിന്റെ ദുരിതാശ്വാസ ഫണ്ടുകള്‍ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതാണ് ആദ്യത്തെ ഘട്ടം. ജനറല്‍ വിഭാഗത്തിലേക്ക് 75 ശതമാനവും പ്രത്യേക വിഭാഗത്തിലേക്ക് 90 ശതമാനവും എന്നാണ് കണക്ക്. മലമ്പ്രദേശമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. ഇത് സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ഘട്ടങ്ങളായിട്ടാണ് നല്‍കുക. ഡിസംബറിലും ജൂണിലുമായിട്ടാണ് നല്‍കുക. പ്രളയം ഉണ്ടായത് ഓഗസ്റ്റിലായതിനാല്‍ ആദ്യ ഫണ്ട് ഡിസംബറില്‍ ലഭിക്കാനാണ് സാധ്യത.

തുക നേരത്തെ നല്‍കിയേക്കും
പ്രത്യേകം താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിനുള്ള ഫണ്ട് പെട്ടെന്ന് നല്‍കാന്‍ ദുരന്തനിവാരണ സമിതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. പക്ഷേ അപ്പോഴുമുള്ള പ്രതിസന്ധി ലഭിക്കേണ്ട തുകയുടെ 25 ശതമാനം മാത്രമേ നല്‍കുകയുള്ളൂ. ബാക്കിയുള്ള തുകയുടെ കാര്യത്തില്‍ പ്രശ്‌നമുള്ളത്. ഇതിനായി ഓരോ മേഖലയിലും എത്ര നാശനഷ്ടമുണ്ടായെന്ന് ദേശീയ ദുരന്തനിവാരണ സമിതിക്ക് സമര്‍പ്പിക്കേണ്ടി വരും. ഇവരാണ് കേന്ദ്ര ഫണ്ട് അനുവദിക്കുന്നത്.

ഒരുപാട് സമയമെടുക്കും
എത്ര ഫണ്ട് ആവശ്യമാണ് എന്നും ഇതോടൊപ്പം കേരളത്തിന് ആവശ്യപ്പെടാം. നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ കേരളത്തിന് ഫണ്ടിന്റെ കാര്യത്തില്‍ തിരിച്ചടിയാവും. എന്നാല്‍ ഓരോ മേഖലയിലും എത്ര നാശനഷ്ടമുണ്ടായി എന്ന് കണക്കാക്കുക കേരളത്തെ സംബന്ധിച്ച് ഒരുപാട് സമയമെടുക്കുന്ന കാര്യമാണ്. പ്രളയത്തില്‍ അടിസ്ഥാന സൗകര്യം മൊത്തം തകര്‍ന്ന കേരളത്തിന് ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കണമെങ്കില്‍ ദേശീയ ദുരന്തനിവാരണ സമിതിയുടെ സഹായം കൂടി വേണ്ടി വരും. അങ്ങനെയെങ്കില്‍ ഡിസംബറിലും ഈ സഹായം കിട്ടാന്‍ പോകുന്നില്ലെന്നാണ് സൂചന.

കേന്ദ്രം സഹായിക്കും
കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് വൈകുമെന്നാണ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം കേരളത്തെ സഹായിക്കാന്‍ കേന്ദ്ര സംഘം എത്തും. ഇവര്‍ ഓരോ മേഖലയിലെയും പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇവര്‍ക്കൊപ്പം സംസ്ഥാന ദുരന്തനിവാരണ സേനയും ഉണ്ടാകും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സബ് കമ്മിറ്റി കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് വിലയിരുത്തും. ഇതിന് ശേഷം ഉന്നത സമിതിക്ക് കൈമാറുകയാണ് പതിവ്.

ഫണ്ട് അനുവദിക്കുന്നതിങ്ങനെ....
സബ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉന്നതാധികാര സമിതി വിലയിരുത്തിയ ശേഷമാണ് ഫണ്ട് അനുവദിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലാണ് ഉന്നതാധികാര സമിതി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ എത്ര പണം നല്‍കണമെന്ന് ദേശീയ ദുരന്തനിവാരണ സമിതിയെ അറിയിക്കും. മൊത്തം തുകയുടെ 50 ശതമാനമാണ് ഇവര്‍ നല്‍കുക. ഇത് മാര്‍ച്ച് 31നാണ് കൈമാറുക. ഇത്രയൊക്കെ നടപടികള്‍ പൂര്‍ത്തിയാവുമ്പോഴേക്ക് കേരളത്തിന്റെ പ്രതിസന്ധികള്‍ കൂടുതല്‍ വര്‍ധിക്കാനാണ് സാധ്യത. സാധാരണ മൂന്നുമുതല്‍ ആറുമാസം വരെയാണ് ഈ നടപടികള്‍ക്ക് എടുക്കുന്ന കാലതാമസമെന്ന് ദുരന്തനിവാരണ സമിതി പറയുന്നു.

കേരളം അതിജീവിക്കുമോ?
ഇത്രയൊക്കെ നടപടികള്‍ കഴിഞ്ഞാലും ഫണ്ട് കൈമാറുന്ന വിഷയത്തില്‍ ഇനിയും കാലതാമസം എടുക്കും. പുനര്‍നിര്‍മാണം, ദുരന്തത്തെ നേരിടാനുള്ള തയ്യാറെടുപ്പ് എന്നിവ ദേശീയ ദുരന്തനിവാരണ സമിതിയുടെ ഭാഗമല്ല. ഇതെല്ലാം ബജറ്റിലാണ് പ്രഖ്യാപിക്കപ്പെടേണ്ടത്. അതുകൊണ്ട് കേരളം പ്രതിസന്ധിയെ അതിജീവിക്കുമോ എന്നാണ് പ്രധാന ചോദ്യം. ഈ നടപടികളൊന്നും കൂടാതെ കേരളത്തിന് ഫണ്ട് ലഭിക്കുമോ എന്നാണ് അറിയാനുള്ളത്. അതല്ലെങ്കില്‍ വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവേണ്ടി വരും. സമ്മര്‍ദം കടുക്കുന്നതിനാല്‍ അതിന് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications