ഹിന്ദി പഠിച്ചാൽ ജോലി കിട്ടില്ല, പാനിപൂരി കച്ചവടം നടത്തുന്നവരുടെ ഭാഷയെന്ന് തമിഴ്നാട് മന്ത്രി
ചെന്നൈ; ഹിന്ദി ദേശീയ ഭാഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി. രാജ്യത്തെ സ്കൂളുകളിൽ ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയെത്തുടർന്നാണ് രൂക്ഷമായ വിമർശനവുമായി പൊൻമുടി രംഗത്ത് വന്നത്. ദക്ഷിണേന്ത്യയിൽ ഹിന്ദി പഠിക്കുന്നതിന്റെ ഫലപ്രാപ്തിയെ മന്ത്രി ചോദ്യം ചെയ്യുകയും ഹിന്ദിയെ "പാനി പുരി" വിൽപ്പനക്കാരുടെ ഭാഷ എന്ന് മുദ്രകുത്തുകയും ചെയ്തു.
തന്റെ പരാമർശം വിവാദമായതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലാണ് താൻ ഈ പരാമർശം നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. "തമിഴ്‌നാട്ടിൽ നിന്നുള്ള വിവിധ ആളുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നുണ്ട്. ഈ അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ലഭ്യമല്ലാത്തതിനാലാണ് ഉത്തരേന്ത്യയിൽ നിന്നുള്ള വിവിധ ആളുകൾ ഇവിടെ വന്ന് ജോലി ചെയ്യുന്നത്," അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷ പഠിച്ചാൽ തൊഴിലവസരം ലഭിക്കില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

"ഹിന്ദി പഠിച്ചാൽ ഒരാൾക്ക് ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു. നിങ്ങൾക്ക് ജോലി കിട്ടുന്നുണ്ടോ? കോയമ്പത്തൂർ വരെ ഒന്ന് പോയി നോക്കു അവിടെ ഹിന്ദി സംസാരിക്കുന്നവർ പാനി പൂരി വിൽക്കുകയാണ്" ഇതായിരുന്നു വിവാദമായ അദ്ദേഹത്തിന്റെ പരാമർശം. തമിഴ്‌നാട്ടിൽ നമുക്ക് നമ്മുടെ സ്വന്തം സംവിധാനം വേണം. തമിഴ്‌നാട്ടിൽ തമിഴ് ഒരു പ്രാദേശിക ഭാഷയാണ്. ഞങ്ങൾക്ക് ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷയാണ്. എന്നാൽ ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് പലരും തെറ്റായി കരുതുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ദ്വിഭാഷ ഫോര്‍മുല സര്‍ക്കാര്‍ തുടരുമെന്നും ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമം ഒരു തരത്തിലും അനുവദിക്കില്ലെന്നും പൊന്‍മുടി വ്യക്തമാക്കി. ഭാരതിയാര്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നുവെന്ന വാദം ശരിയല്ലെന്നും ഒരു ഭാഷയും പഠിക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും തമിഴ്നാട് ഗവർണർ ആര്‍.എന്‍. രവി. പറഞ്ഞു. എന്നാല്‍, തമിഴ്‌നാടിന്റെ വികാരം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പൊന്‍മുടി പ്രതികരിച്ചു. കഴിഞ്ഞ ആഴ്‌ചകളിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബോളിവുഡ് താരം അക്ഷയ് കുമാറും ഉൾപ്പെടെയുള്ള പ്രമുഖർ ഹിന്ദി വാദം മുന്നോട്ടുവെച്ചിരുന്നു. നേരത്തെ ഹിന്ദി സിനിമ താരം അജയ് ദേവ ഗണും കന്നഡ സിനിമ താരം കിച്ച സുദീപും തമ്മിൽ ദേശീയ ഭാഷ പ്രശ്നത്തിൽ സോഷ്യൽ മീഡിയ വഴി വാക്ക്പോര് നടത്തിയിരുന്നു.












Click it and Unblock the Notifications