ബിഹാറിലെ മഹാസഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; കോണ്‍ഗ്രസിന് അധികസീറ്റില്ല, ഇടതിന് അഞ്ച്
പാട്‌ന: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിഹാറിലെ സീറ്റ് വിഭജനം പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ 40 ലോക്സഭാ സീറ്റുകള്‍ പങ്കിടുന്നത് സംബന്ധിച്ച് മഹാസഖ്യം ധാരണയിലെത്തിയതായാണ് വിവരം. നിലവിലെ ധാരണ പ്രകാരം ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി (രാഷ്ട്രീയ ജനതാദള്‍) 26 സീറ്റുകളില്‍ മത്സരിക്കും എന്നാണ് അറിയുന്നത്.
കോണ്‍ഗ്രസ് 9 സീറ്റുകളിലും ഇടതു പാര്‍ട്ടികള്‍ അഞ്ചിടത്തും മത്സരിക്കും. ഇടത് പാര്‍ട്ടികളില്‍ സി പി ഐ എം എല്‍ മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. മണ്ഡലങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ പാര്‍ട്ടികള്‍ നാളെ ഡല്‍ഹിയില്‍ യോഗം ചേരുമെന്നും അതിന് ശേഷം പട്നയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് മഹാസഖ്യത്തിലെ വൃത്തങ്ങള്‍ അറിയിക്കുന്നത്.

നാളെ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കള്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2019 ലും കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
ആര്‍ ജെ ഡിക്ക് ഒന്നിലും വിജയിക്കാനായില്ല. 40 സീറ്റുകളില്‍ 39 എണ്ണവും എന്‍ ഡി എ നേടിയിരുന്നു. അതില്‍ 17 എണ്ണവും ബി ജെ പി നേടി. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് 16 ഉം ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ആറും സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിപക്ഷ സഖ്യം തിരിച്ചുവന്നിരുന്നു.
ആകെയുള്ള 243 സീറ്റില്‍ എന്‍ ഡി എ 125 സീറ്റ് അധികാരത്തിലെത്തിയെങ്കിലും 110 സീറ്റ് നേടി മഹാസഖ്യവും കരുത്തുകാട്ടി. 75 സീറ്റ് നേടിയ ആര്‍ ജെ ഡിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസിന് 19 സീറ്റും ഇടത് പാര്‍ട്ടികള്‍ക്ക് 16 സീറ്റും ലഭിച്ചു. ബി ജെ പി 74, ജെ ഡി യു 43, വിഐപി, എച്ച്എഎം എന്നിവര്‍ക്ക് 4 വീതം എന്നിങ്ങനെയായിരുന്നു എന്‍ഡിഎയിലെ സീറ്റ് നില.
അതിനിടെ ജെഡിയു എന്‍ഡിഎ വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേരുകയും മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. നിതീഷ് കുമാറാണ് ഇന്ത്യാ മുന്നണി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയതും. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് നിതീഷും ജെ ഡി യുവും എന്‍ ഡി എയിലേക്ക് മടങ്ങുകയും ചെയ്തു. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകും എന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.
പാര്‍ട്ടിയിലെ പിളര്‍പ്പും അമ്മാവനായ പശുപതി പരാസിന്റെ എതിര്‍പ്പും ഉണ്ടായിരുന്നിട്ടും ബി ജെ പി ചിരാഗ് പാസ്വാനെയും നിലനിര്‍ത്തിയിട്ടുണ്ട്. ബീഹാറിലെ ആദ്യഘട്ട നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ വ്യാഴാഴ്ച അവസാനിക്കും. ബി ജെ പി 17, ജെഡിയു 16, ലോക് ജനശക്തി പാര്‍ട്ടി അഞ്ച്, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എമ്മിനും ഓരോ സീറ്റ് വീതം എന്നിവയാണ് എന്‍ ഡി എയിലെ ധാരണ.












Click it and Unblock the Notifications