മഹാ വികാസ് സഖ്യത്തിൽ നിന്ന് പിന്മാറി പ്രകാശ് അംബേദ്ക്കറുടെ വിബിഎ; 8 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും
മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിക്ക് തിരിച്ചടി. പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സ്വതന്ത്രമായി മത്സരിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ എട്ട് സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. അകോല മണ്ഡലത്തിൽ പ്രകാശ് അംബേദ്ക്കർ, വാർധയിൽ രാജേന്ദ്ര സലുങ്കെ, ഭണ്ഡാര-ഗോണ്ടിയയിൽ സഞ്ജയ് കേവാത്ത്, ഗാഡ്‍ച്ചിരോളി-ചിമൂറിൽ ഹിതേഷ് മാധവി, ബുൽധാനയിൽ വസന്ത് മഗർ, അമരാവതിയിൽ കുമാരി പില്ലെവൻ, യവത്മാൽ-വാഷിം മണ്ഡലത്തിൽ ഖേംസിംഗ് പവാർ എന്നിവരെയാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്.

സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് വിബിഎയുടെ പിന്മാറ്റം. പ്രകാശ് അംബേദ്ക്കറും എംവിഎ സഖ്യകക്ഷികളായ കോൺഗ്രസ്, എൻസിപി (ശരത് പവാർ), ശിവസേന (യുബിടി) എന്നിവയുമായി സീറ്റ് വിഭജനത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ വിബിഎ മുന്നണി വിടുന്നതായും എട്ട് സീറ്റുകളിൽ ഒറ്റയ്ക്ക് ജനവിധി തേടുന്നതായും അറിയിക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 16 സീറ്റുകൾ വേണമെന്നായിരുന്നു പ്രകാശ് അംബേദ്ക്കറുടെ പാർട്ടി ഉന്നയിച്ച ആവശ്യം. എന്നാല്‍ നാല് സീറ്റുകൾ മാത്രമേ നൽകാൻ സാധിക്കൂ എന്നായിരുന്നു മഹാ വികാസ് അഘാഡി സഖ്യത്തിലെ മറ്റ് പ്രധാന കക്ഷികളുടെ നിലപാട്. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.
ഇതിന് പിന്നാലെ തന്റെ പാർട്ടിക്ക് ഔദ്യോഗികമായി വാഗ്‌ദാനം ചെയ്‌ത സീറ്റുകളുടെ എണ്ണത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി മാർച്ച് 23 മുതൽ ശിവസേന (യുബിടി)യുമായുള്ള സഖ്യം വിബിഎ അവസാനിപ്പിച്ചതായി പ്രകാശ് അംബേദ്ക്കർ പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ശിവസേന ഉദ്ധവ് താക്കറേ വിഭാഗവും നേരത്തെ (യുബിടി) പുറത്തുവിട്ടിരുന്നു. മുതിർന്ന നേതാവ് അനിൽ ദേശായി, മുൻ കേന്ദ്രമന്ത്രി അനന്ത് ഗീതെ അടക്കം 17 പേരാണ് ഈ പട്ടികയിലുള്ളത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തങ്ങളുടെ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കുമെന്ന് പാർട്ടി നേതാവും ലോക്‌സഭാ എംപിയുമായ രാഹുൽ ഷെവാലെ അറിയിച്ചിരുന്നു.
മറ്റൊരു എംവിഎ ഘടക കക്ഷിയായ എൻസിപി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19നും മെയ് 20നും ഇടയിൽ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുക. വോട്ടെണ്ണൽ ജൂൺ നാലിനാണ്.












Click it and Unblock the Notifications