ബിജെപി പിന്മാറിയതോടെ രാഷ്ട്രീയ നാടകങ്ങളില്ല, മധ്യപ്രദേശിൽ കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കും
ഭോപ്പാല്‍: വന്‍ വിജയം നേടിയ ഛത്തീസ്ഗഡിലും രാജസ്ഥാനിലും സര്‍ക്കാരുണ്ടാക്കാനുളള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലേക്ക്. കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനെ കണ്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ നേതൃത്വത്തിലുളള സംഘമാണ് രാജ്ഭവനില്‍ എത്തിയത്. ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ് സിംഗ് എന്നിവരും കമല്‍നാഥിനൊപ്പമുണ്ടായിരുന്നു.
കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ആവശ്യമായതിലും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്കുണ്ട് എന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. 121 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് കൊണ്ടുളള കത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഗവര്‍ണര്‍ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു.

114 സീറ്റുകള്‍ സ്വന്തമായുളള കോണ്‍ഗ്രസിന് രണ്ട് ബിഎസ്പി എംഎല്‍എമാര്‍, ഒരു എസ്പി എംഎല്‍എ, നാല് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയാണുളളത്. 109 സീറ്റുകള്‍ നേടിയ ബിജെപി സ്വതന്ത്രരുടേയും എസ്പി, ബിഎസ്പിക്കാരുടേയും പിന്തുണയ്ക്ക് വേണ്ടി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. മായാവതി പത്രസമ്മേളനം വിളിച്ച് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദത്തിന് തങ്ങളില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചത്.
Recommended Video

മധ്യപ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരെന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാകും. 4 മണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ജ്യോതിരാദിത്യ സിന്ധ്യ മുതിര്‍ന്ന നേതാവായ കമല്‍നാഥിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ആരാകണം എന്നതില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത് ആയിരിക്കും.












Click it and Unblock the Notifications