വിന്ധ്യയില്‍ ബിജെപിയെ മറിച്ചിടാന്‍ കോണ്‍ഗ്രസിനാകുമോ? ആം ആദ്മി വെല്ലുവിളിയും അതിജീവിക്കണം
ഭോപ്പാല്‍: മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാകുകയാണ് വിന്ധ്യാ മേഖല. സംസ്ഥാനത്തെ ഒമ്പത് കിഴക്കന്‍ ജില്ലകളിലായി 30 നിയമസഭാ സീറ്റുകളില്‍ വ്യാപിച്ച് കിടക്കുന്നതാണ് വിന്ധ്യ മേഖല. കാലങ്ങളായി വിവിധ പാര്‍ട്ടികള്‍ക്കും ആശയങ്ങള്‍ക്കും ഇടം നല്‍കിയ മേഖലയാണിത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റുകള്‍ നേടി ബി ജെ പി ഇവിടെ ആധിപത്യം സ്ഥാപിച്ചു.
അന്ന് കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ഇത്തവണ ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ 2018 ലെ പ്രകടനം ആവര്‍ത്തിക്കുമെന്നും മേഖലയില്‍ 24 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമെന്നുമാണ് ബി ജെ പി അവകാശപ്പെടുന്നത്. അതേസമയം മധ്യപ്രദേശിലെ മറ്റിടങ്ങളിലേത് പോലെ വിന്ധ്യയിലും തങ്ങളും ബി ജെ പിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ബി ജെ പി ഭരണവിരുദ്ധത നേരിടുന്നതിനാല്‍ മേഖലയില്‍ 22 സീറ്റുകള്‍ വരെ നേടാനാകുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം. മധ്യപ്രദേശിലെ മറ്റ് പ്രദേശങ്ങളെപ്പോലെ വിന്ധ്യയിലും കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുര്‍മീത് സിംഗ് മംഗു പറഞ്ഞു. അതേസമയം ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഇത്തവണ ഭിന്നിക്കപ്പെടുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.
ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യമാണ് അതിന് കാരണം. ഈ മേഖലയിലൂടെ സംസ്ഥാന നിയമസഭയില്‍ അരങ്ങേറ്റം കുറിക്കാനാണ് എ എ പി ലക്ഷ്യമിടുന്നത്. ആം ആദ്മി പാര്‍ട്ടി 2022-ല്‍ സിങ്ഗ്രൗലി മേയര്‍ സീറ്റ് നേടി ഈ മേഖലയില്‍ ഇതിനകം തന്നെ തങ്ങളുടെ കാല്‍പ്പാട് പതിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 70 സീറ്റുകളില്‍ ആണ് ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതില്‍ 17 എണ്ണം വിന്ധ്യയിലാണ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷയും സിങ്ഗ്രൗലി മേയറുമായ റാണി അഗര്‍വാള്‍ സിങ് ആണ് ഗ്രൗളി നിയമസഭാ സീറ്റില്‍ മത്സരിക്കുന്നത്. അതേസമയം മുന്‍കാലങ്ങളില്‍ ബി എസ് പി, സി പി ഐ, സി പി എം, എസ് പി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരെ വിജയിപ്പിച്ച ചരിത്രവും വിന്ധ്യയിലെ വോട്ടര്‍മാര്‍ക്കുണ്ട്. രേവയില്‍ നിന്ന് മൂന്ന് ലോക്സഭാ സീറ്റുകളും ഗുര്‍, മൗഗഞ്ച്, സത്ന എന്നിവിടങ്ങളില്‍ നിന്ന് നിരവധി നിയമസഭാ സീറ്റുകളും ബി എസ് പി നേടിയിട്ടുണ്ട്.
ഗുര്‍, സിര്‍മോര്‍ എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം സി പി ഐയും സി പി എമ്മും വിജയിച്ചു. 2003 ല്‍ മൈഹാറില്‍ നിന്ന് ബി ജെ പി മുന്‍ നിയമസഭാംഗമായ നാരായണ് ത്രിപാഠി വിജയിച്ചതോടെ എസ് പിയും ഈ മേഖലയില്‍ വിജയം ആസ്വദിച്ചു. ത്രിപാഠി ഇപ്പോള്‍ വിന്ധ്യ ജനതാ പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് ഈ മേഖലയില്‍ നിരവധി സീറ്റുകളില്‍ മത്സരിക്കുകയാണ്.
സോഷ്യല്‍ എഞ്ചിനീയറിംഗ്, ക്ഷേമ പദ്ധതികള്‍ എന്നിവ കാരണം ഈ മേഖലയിലെ ഒബിസി, ആദിവാസി, ദളിത് വോട്ടര്‍മാരില്‍ ബി ജെ പിക്ക് ശക്തമായ സ്വാധീനമുണ്ട്. അതിനെ മറികടക്കുക എന്നതാണ് പ്രതിപക്ഷ കക്ഷികളുടെ വെല്ലുവിളി. 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 17 നും വോട്ടെണ്ണല്‍ ഡിസംബര്‍ 3 നും ആണ് നടക്കുന്നത്.












Click it and Unblock the Notifications