കോണ്‍ഗ്രസ് സന്തോഷിക്കണ്ട... മധ്യപ്രദേശില്‍ വെറും 47,827 വോട്ടിന്റെ വ്യത്യാസം മാത്രം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്. നീണ്ട പതിനഞ്ച് വര്‍ഷത്തിന് ശേഷം ആണ് ഇത്തരം ഒരു നേട്ടം കോണ്‍ഗ്രസ് സ്വന്തമാക്കുന്നത്. 100 സീറ്റില്‍ അധികം ലഭിക്കുക എന്ന സാഹചര്യത്തിനും ഇത്രയേറെ കാത്തിരിക്കേണ്ടി വന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേടിയത് ഒരു മികച്ച വിജയം ആണെന്ന് വിലയിരുത്തുക സാധ്യമല്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം വോട്ട് ശതമാനത്തില്‍ മുന്നില്‍ ബിജെപി തന്നെയാണ്. 0.1 ശതമാനം വോട്ടാണ് കോണ്‍ഗ്രസ്സിനേക്കാള്‍ ബിജെപി അധികം നേടിയത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ബിജെപിയേക്കാള്‍ വോട്ട് ശതമാനം കൂടുതല്‍ നേടിയിരുന്നു കോണ്‍ഗ്രസ്. പുലര്‍ച്ചെ അഞ്ചരയോടെ രണ്ട് പാര്‍ട്ടികളും 41 ശതമാനത്തോളം വോട്ടുകള്‍ നേടി തുല്യതയില്‍ എത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ നേരിയ കുറവുണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം.
വോട്ടെണ്ണല്‍ പൂര്‍ത്തിയാപ്പോള്‍ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള മൊത്തം വോട്ടുകളിലെ വ്യത്യാസം അമ്പതിനായിരത്തില്‍ താഴെയാണ്. ബിജെപി 156,42,980 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് കിട്ടിയത് 155,95,153 വോട്ടുകളാണ്. ആകെ വോട്ട് വ്യത്യാസം 47,827 മാത്രം.
എങ്കിലും ബിജെപി വോട്ടുകളില്‍ വലിയ ഇടിവുണ്ടാക്കാന്‍ ആയി എന്നത് കോണ്‍ഗ്രസിന്റെ നേട്ടം തന്നെയാണ്. ഇക്കാര്യം തള്ളിക്കളയാനും സാധിക്കില്ല. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്പിയുമായും ബിഎസ്പിയുമായും സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന് നില ഇനിയും മെച്ചപ്പെടുത്താമായിരുന്നു എന്നാണ് വിലയിരുത്തല്‍. ബിഎസ്പി അഞ്ച് ശതമാനം വോട്ടുകളും എസ്പി 1.3 ശതമാനം വോട്ടുകളും സ്വന്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications