പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തേക്കും: അന്തിമ നിലപാട് ഉടന്‍!!
മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയില്‍ നടപ്പാിലാക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ഉദ്ധവ് നയിക്കുന്ന മഹാരാഷ്ട്ര വികാസ് അഗാദി(എം.വി.എ) ബില്ലിനെ എതിര്‍ക്കുന്നതാണ് ഇതിന് കാരണം. മഹാരാഷ്ട്രയിലെ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന സഖ്യമാണ് എംവിഎ. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ ബുധനാഴ്ച ബില്ലിനെ എതിര്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചതിന് ശേഷമാണ് ഈ നിലപാട് മാറ്റം.
കോൺഗ്രസിന് ഞെട്ടൽ, പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രത്തെ അനുകൂലിച്ച് കോൺഗ്രസ് എംഎൽഎ!
എല്ലാ ജാതി, മത, ഭാഷകളിലെ ജനങ്ങള്‍ക്ക് സംസ്ഥാനത്ത് സുരക്ഷിതത്വവും ഉപജീവനത്തിനുള്ള അവകാശവും തങ്ങളുടെ സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് മുതിര്‍ന്ന ശിവസേന നേതാവും ആഭ്യന്തരമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. മൂന്ന് പാര്‍ട്ടികളിലെയും നേതാക്കളുമായി ആലോചിച്ച ശേഷമാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കൈയിലാണ്. മറ്റു പല സംസ്ഥാനങ്ങളും ബില്ലിനെ എതിര്‍ത്തിട്ടുണ്ട്. ഒരിക്കലും പരിഹരിക്കപ്പെടാത്ത ചില ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് രാജ്യസഭയില്‍ ശിവസേന ബില്ലിനെ എതിര്‍ത്തതായും അദ്ദേഹം പറഞ്ഞു.
പുതിയ നിയമം നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവും പിഡബ്ല്യുഡി മന്ത്രിയുമായ നിതിന്‍ റാവത്തും താക്കറെക്ക് കത്തെഴുതി. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തു. മഹാരാഷ്ട്രയില്‍ ഇത് നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നതായും രാജ്യസഭയില്‍ സ്വീകരിച്ച നിലപാടിനൊപ്പം സേനയും നേതൃത്വവും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ സിഎഎ നടപ്പാക്കുന്നത് സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് നേതൃത്വവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് മേധാവി ബാലസഹാഹെബ് തോറാത്ത് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളും അടുത്തിടെ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കിയതോടെ നിയമമായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമുയരുന്നതിനിടെയാണ് മഹാരാഷ്ട്രയും നിയമം നടപ്പിലാക്കിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.