വര്‍ളിയില്‍ ത്രികോണ പോരാട്ടം, ആദിത്യക്ക് വെല്ലുവിളിയായി മിലിന്ദ് ദേവ്‌റ; എംഎന്‍എസും മത്സരിക്കും
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ തട്ടകത്തില്‍ ഗ്ലാമര്‍ പോരാട്ടം. ആദിത്യ താക്കറെയ്‌ക്കെതിരെ മിലിന്ദ് ദേവ്‌റയെ രംഗത്തിറക്കിയിരിക്കുകയാണ് ശിവസേന. വര്‍ളിയിലാണ് വമ്പന്‍ പോരാട്ടം നടക്കാന്‍ പോകുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവായ മിലിന്ദ് ദേവ്‌റ നേരത്തെ പാര്‍ട്ടി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നിരുന്നു.
നേരത്തെ ആദിത് വര്‍ളിയില്‍ നിന്ന് മത്സരിക്കുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്‍ഡെ പക്ഷേ ദേവ്‌റയുടെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത്. ഉദ്ധവ് വിഭാഗത്തിന് ആധിപത്യമുള്ള മണ്ഡലമാണ് വര്‍ളി. ഈ മണ്ഡലത്തില്‍ ഷിന്‍ഡെ പക്ഷവും ഉദ്ധവ് പക്ഷവും തമ്മില്‍ കരുത്തറിയിക്കാനുള്ള പോരാട്ടം കൂടിയാണ് നടക്കുക.

മിലിന്ദ് ദേവ്‌റ നിലവില്‍ രാജ്യസഭാ അംഗമാണ്. മുംബൈ സൗത്തില്‍ നിന്ന് രണ്ട് തവണ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വര്‍ളി മണ്ഡലത്തിന്റെ ചുമതല മിലിന്ദ് ദേവ്‌റയ്ക്കായിരുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്തിന് പ്രതീക്ഷിച്ചത്ര വലിയ ലീഡ് ലഭിച്ചിരുന്നില്ല.
ഭൂരിപക്ഷം കുറഞ്ഞതും ആശങ്കയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുകൊണ്ട് അട്ടിമറിക്ക് വരെ സാധ്യതയുണ്ട്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സന്ദീപ് ദേശ്പാണ്ഡെയും മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. ഇതോടെ ത്രികോണപോരാട്ടം ഉറപ്പായിരിക്കുകയാണ്. ആദിത്യക്ക് ഇത്തവണ വലിയ വെല്ലുവിളി തന്നെ മണ്ഡലത്തില്‍ നേരിടേണ്ടി വരും.
ആദിത്യ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മണ്ഡലത്തില്‍ വിജയപ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ദേവ്‌റ കുടുംബത്തിന്റെ മണ്ഡലമാണ് മുംബൈ സൗതത്്. മുരളി ദേവ്‌റ ഇവിടെ നിന്ന് നാല് തവണ വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനാണ് മിലിന്ദ്. മഹാവികാസ് അഗാഡി സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത് കൊണ്ട് പ്രതീക്ഷയിലാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്രെന്‍ഡ് മാറാറുണ്ട്.
അരവിന്ദ് സാവന്ത് പോലൊരു പ്രമുഖ നേതാവിന്റെ ഭൂരിപക്ഷം കുറഞ്ഞതാണ് ഉദ്ധവ് പക്ഷത്തെ ഞെട്ടിച്ചത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 65 ശതമാനം വോട്ട് ആദിത്യക്ക് ലഭിച്ച മണ്ഡലമാണിത്. സാവന്തിന് 3,95655 വോട്ടുകളാണ് ആകെ ലഭിച്ചത്. ഷിന്‍ഡെ പക്ഷത്തിന്റെ യാമിനി ജാദവിന് 3,42982 വോട്ടുകളും ലഭിച്ചു. 52673 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് സാവന്തിന് ലഭിച്ചത്.
രാജ് താക്കറെ 2019ല്‍ വര്‍ളിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. ആദിത്യയുടെ രാഷ്ട്രീയ അരങ്ങേറ്റമായത് കൊണ്ടാണ് മത്സരമില്ലെന്ന് രാജ് താക്കറെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തവണ മത്സരിക്കാനാണ് തീരുമാനം.
2017ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ 33000 വോട്ടുകള്‍ വരെ വര്‍ളിയില്‍ എംഎന്‍എസ് പിടിച്ചിരുന്നുവെന്ന് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. ഇവര്‍ മത്സരിക്കുന്നതോടെ വോട്ട് ഭിന്നിച്ച് പോകുമോയെന്നാണ് ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ ജയം ഷിന്‍ഡെ പക്ഷത്തിനായിരിക്കും. മണ്ഡലത്തില്‍ അറിയപ്പെടുന്ന നേതാവ് തന്നെയാണ് മിലിന്ദ് ദേവ്‌റ. ആദിത്യക്ക് അതുകൊണ്ട് മത്സരം ഒട്ടും എളുപ്പമല്ല.












Click it and Unblock the Notifications