ജാമ്യം ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല; മലയാളി വനിതകള്‍ യുപി ജയിലില്‍ തന്നെ
ലഖ്‌നൗ: ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാകാതെ മലയാളി വനിതകള്‍ ഉത്തര്‍ പ്രദേശ് ജയിലില്‍. മൂന്ന് വനിതകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുമാണ് കഴിഞ്ഞ ഒരുമാസത്തിലധികമായി ലഖ്‌നൗവിലെ ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ മാസം അറസ്റ്റിലായ വനിതകള്‍ക്ക് ഈ മാസം 14ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. അഭിഭാഷകര്‍ മോചനത്തിന് വേണ്ട നടപടികള്‍ ചെയ്യുന്നുണ്ട് എന്നാണ് വനിതകളുടെ കേരളത്തിലെ ബന്ധുക്കള്‍ പറയുന്നത്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് മോചനം നീട്ടുകൊണ്ടുപോകുകയാണ് ജയില്‍ അധികൃതര്‍.
യുപി ജയിലില്‍ കഴിയുന്ന മലയാളി യുവാക്കളെ കാണാനെത്തിയതായിരുന്നു അവരുടെ കുടുംബം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പന്തളം സ്വദേശി അന്‍ഷാദ്, വടകര സ്വദേശി ഫിറോസ് എന്നിവരെ മാസങ്ങള്‍ക്ക് മുമ്പ് യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സന്ദര്‍ശിക്കാനാണ് അന്‍ഷാദിന്റെ മാതാവ് നസീമ, ഭാര്യ മുഹ്‌സിന, ഏഴ് വയസുള്ള മകന്‍ ആതിഫ് മുഹമ്മദ്, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവര്‍ ലഖ്‌നൗവിലെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്ത് ജയില്‍ അടയ്ക്കുകയായിരുന്നു പോലീസ്.

കേരളത്തില്‍ നിന്ന് കൊവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റുമായിട്ടാണ് മലയാളി വനിതകള്‍ ലഖ്‌നൗവിലെത്തിയത്. ആദ്യ ദിവസം ജയിലില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ അനുമതി ലഭിച്ചില്ല. തൊട്ടടുത്ത ദിവസമാണ് അനുമതി ലഭിച്ചത്. അപ്പോഴേക്കും കൊവിഡ് പരിശോധനാ സാക്ഷ്യപത്രത്തിന്റെ സമയ പരിധി അവസാനിച്ചിരുന്നു. കാലാവധി കഴിഞ്ഞ കൊവിഡ് പരിശോധനാ രേഖയുമായി എത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് വനിതകളെ അറസ്റ്റ് ചെയ്തത്. ഇത് സ്‌റ്റേഷനില്‍ പിഴ അടച്ചാല്‍ ജാമ്യം ലഭിക്കാവുന്ന കേസാണ്. എന്നാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി റിമാന്റ് ചെയ്യുകയായിരുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.
രണ്ടാഴ്ചയ്ക്ക് ശേഷം ഈ മാസം 14നാണ് മൂന്ന് വനിതകള്‍ക്കും ജാമ്യം ലഭിച്ചത്. എന്നാല്‍ ഇതുവരെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. രേഖകളുടെ വെരിഫിക്കേഷന്‍ നടക്കുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണമത്രെ. രേഖകളുടെ പരിശോധന കഴിഞ്ഞാല്‍ മാത്രമേ ജയില്‍ മോചനം സാധ്യമാകൂ. ഇതിനുള്ള നടപടികള്‍ തുടരുകയാണ് എന്ന് വനിതകളുടെ കുടുംബം പറയുന്നു.
അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം
ഭീകരപ്രവര്‍ത്തനം ആരോപിച്ചാണ് അന്‍ഷാദിനെയും ഫിറോസിനെയും ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. 9 മാസമായി യുപി ജയലിലാണ് ഇരുവരും. യുപിയില്‍ ആക്രമണം നടത്താനെത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. കേസില്‍ ഇതുവരെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. സംഘടനാ വിപുലീകരണത്തിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇവരെ ബിഹാറില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് അറസ്റ്റ് ചെയ്തത് എന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications