'എന്റെ ജീവൻ കൊടുക്കാൻ തയ്യാറാണ്, പക്ഷേ രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ല', ബിജെപിക്കെതിരെ മമത
കൊല്‍ക്കത്ത: തന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വെറുപ്പിന്റെ രാഷ്ട്രീയം പിന്തുടരുക വഴി ചില ആളുകള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
'താന്‍ ജീവന്‍ കൊടുക്കാന്‍ തയ്യാറാണ്, പക്ഷേ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ഒരിക്കലും അനുവദിക്കില്ല', മമത ബാനര്‍ജി പറഞ്ഞു. '2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലതുപക്ഷ ശക്തിയായ ബിജെപിയുടെ തോല്‍വി ഉറപ്പിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം' എന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിന് എതിരെയും മമത പ്രതികരിച്ചു.

രാജ്യത്തിന്റെ ഭരണഘടന പോലും തിരുത്താനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് ആരോപിച്ച മമത ബാനര്‍ജി എന്‍ആര്‍സി പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്നും വ്യക്തമാക്കി. 'ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും ബംഗാളില്‍ നടപ്പിലാക്കില്ല എന്നത് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടാണ്. നിലവിലുളള പൗരത്വ രേഖകളും നിയമങ്ങളും പര്യാപ്തമാണ് എന്നാണ് തൃണമൂല്‍ കരുതുന്നത്' എന്നും മമത ബാനര്‍ജി പറഞ്ഞു.
'മണി പവറിനേയും കേന്ദ്ര ഏജന്‍സികളേയും നേരിടാന്‍ തയ്യാറാണ്, എന്നാല്‍ ഒരിക്കലും താന്‍ തല കുനിക്കില്ല, മമത ബാനര്‍ജി പറഞ്ഞു. ഇനിയുളള ഒരു വര്‍ഷത്തെ സമയത്തിനുളളില്‍ രാജ്യത്ത് ആര് അധികാരത്തില്‍ വരണം എന്ന് തീരുമാനിക്കുന്നതിനുളള തിരഞ്ഞെടുപ്പുകള്‍ നടക്കും'.
'വിധ്വംസക ശക്തികള്‍ക്ക് എതിരെ ഒരുമിച്ച് നിന്ന് പൊരുതുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അവരെ പുറത്താക്കുമെന്നത് ഉറപ്പാക്കണം. ജനാധിപത്യം അപകടത്തിലാണ്, എല്ലാം അപകടത്തിലാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍ അതോടെ എല്ലാം അവസാനിക്കും' എന്നും മമത ബാനര്‍ജി പറഞ്ഞു.












Click it and Unblock the Notifications