ബിജെപി പുറത്താകുന്ന സൂചന; പ്രതിഷേധം ചൂണ്ടിക്കാട്ടി മമത, ഞാന്‍ ഭീരുവല്ല, പോരാളി
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അന്ത്യത്തിലേക്ക് എത്തുന്നു. ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ് നടന്നു. മാര്‍ച്ച് ഏഴിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കും. പത്തിന് ഫലം പ്രഖ്യാപിക്കും. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലകളില്‍ ഒന്നാണ് വാരണാസി. നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ ഇന്ന് എസ്പിയുടെ പ്രചാരണത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമെത്തി. കഴിഞ്ഞ ദിവസമാണ് അവര്‍ യുപിയിലെത്തിയത്. ശേഷം സന്യാസിമാരെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. യാത്രയ്ക്കിടെ വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ മമതയുടെ വാഹനം തടയുകയും തിരിച്ചുപോകണമെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വാഹനത്തില്‍ വടി കൊണ്ട് അടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അല്‍പ്പ നേരം പ്രതിഷേധിച്ച ശേഷം ബിജെപി പ്രവര്‍ത്തകര്‍ പിന്മാറി. ഇന്ന് വാരണാസിയില്‍ റാലിയില്‍ പ്രസംഗിക്കവെ ഈ വിഷയം മമത ബാനര്‍ജി സൂചിപ്പിച്ചു.

എനിക്കെതിരെ വാരണാസിയില്‍ നടന്ന ബിജെപിയുടെ പ്രതിഷേധം ബിജെപിയുടെ ഭരണം അവസാനിക്കുന്നു എന്ന സൂചനയാണെന്ന് മമത പറഞ്ഞു. നിരവധി തവണ ഞാന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വെടിവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വടി കൊണ്ട് അടിക്കാന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ ഇന്നുവരെ ഞാന്‍ പിന്മാറിയിട്ടില്ല. ഞാന്‍ ഭീരുവല്ല. ഒരു പോരാളിയാണെന്നും മമത ബാനര്‍ജി പറഞ്ഞു. വാരണാസിയില്‍ എന്നെ തടയുകയും ആക്രമിക്കുകയും ചെയ്തത് ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകുന്നു എന്നതിന്റെ സൂചനയാണെന്നും മമത പറഞ്ഞു.
ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകരാണ് മമതയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. 20 വര്‍ഷം മമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. ഗംഗ ആരതിയില്‍ പങ്കെടുക്കാന്‍ പോകുന്ന വേളയിലായിരുന്നു മമതക്കെതിരെ കരിങ്കൊടി പ്രതിഷേധം. വാഹനം തടഞ്ഞ് പ്രതിഷേധിച്ച വേളയില്‍ മമത ബാനര്‍ജി കാര്‍ ഓഫ് ചെയ്ത് റോഡിലിറങ്ങി നിന്നു. ശേഷം ദശശ്വമേധ ഘട്ടിലെത്തിയ വേളയില്‍ ചവിട്ടുപടിയില്‍ ഇരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇരിപ്പിടം വേണ്ടെന്ന് പറഞ്ഞ് ചവിട്ടുപടിയില്‍ ഇരുന്നാണ് മമത ഗംഗ ആരതി വീക്ഷിച്ചത്.
ഉത്തര്‍ പ്രദേശില്‍ മമതയുടെ സന്ദര്‍ശനം വലിയ ചര്‍ച്ചയായിട്ടുണ്ട്. ബംഗാളിന് പുറത്തേക്ക് സാധ്യതകള്‍ തേടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദു യുവവാഹിനിയുടെ പ്രതിഷേധം അവസരമാക്കുകയും ചെയ്തു. യുപിയില്‍ അഖിലേഷ് യാദവിനൊപ്പം നില്‍ക്കുമെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസും അഖിലേഷിനെ പിന്തുണയ്ക്കണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതയുടെ നീക്കം.
ബംഗാളില്‍ നിന്ന് ബിജെപിയെ ഓടിച്ചിട്ടുണ്ടെങ്കില്‍ യുപിയിലും സാധിക്കുമെന്ന് മമത പറഞ്ഞു. മമതയ്ക്ക് പുറമെ, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, മഹാന്‍ ദള്‍ നേതാവ് കേശവ് ദേവ് മൗര്യ, അപ്‌ന ദള്‍ നേതാവ് കൃഷ്ണ പട്ടേല്‍, പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവപാല്‍ യാദവ്, ജനവാദി പാര്‍ട്ടി നേതാവ് സഞ്ജയ് ചൗഹാന്‍, എസ്ബിഎസ്പി നേതാക്കള്‍ എന്നിവരും വാരണാസിയില്‍ എസ്പിയുടെ റാലിയില്‍ പങ്കെടുത്തു. എസ്പിയുടെ ശക്തി പ്രകടനം കൂടിയായിരുന്നു വാരണസിയിലെ തിരഞ്ഞെടുപ്പ് റാലി.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തുവന്നു. എല്ലാവരും ട്രാക്ടറുകളില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി ക്യാമ്പ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ ചെയ്തത് മറക്കരുത്. മാര്‍ച്ച് ഒമ്പതിന് എല്ലാവരും ട്രാക്ടറുമായി വരണണമെന്നും ബഗ്പത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ രാകേഷ് ടിക്കായത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് യുപിയില്‍ ജില്ലാ പഞ്ചാത്ത് തിരഞ്ഞെടുപ്പ് നടന്നത്. വ്യാപകമായി അട്ടിമറി നടന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications