മണിപ്പൂർ: നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീംകോടതിയെ വേദിയാക്കരുത്: ചീഫ് ജസ്റ്റിസ്‍
ഡല്‍ഹി: മണിപ്പൂർ വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി സുപ്രീംകോടതി. നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വാക്കാൽ പരാമർശം നടത്തി. സംസ്ഥാനത്തെ ക്രമസമാധാനം നേരിട്ട് നിയന്ത്രിക്കാൻ സുപ്രീംകോടതിക്ക് സാധിക്കില്ല. അത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മണിപ്പൂർ അക്രമങ്ങളുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിലപാട് വ്യക്തമാക്കിയത്.
കുക്കി- മെയ്‌തെയ് വിഭാഗങ്ങളായിരുന്നു മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് വിവിധ പൊതു താല്‍പര്യ ഹർജികള്‍ കോടതിയില്‍ സമർപ്പിച്ചത്. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന കുക്കി വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞതോടെയാണ് വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ ഇടപെടലുണ്ടാവുന്നത്. 'സംസ്ഥാനത്തെ നിലവിലുള്ള പ്രശ്‌നം ഗുരുതരമാക്കാന്‍ കോടതിയെ വേദിയാക്കരുത്'- ചീഫ് ജസ്റ്റിസ് അഭിഭാഷകനോടായി പറഞ്ഞു.

"ഇത് പക്ഷപാതപരമായ കാര്യമായി കാണരുത്, ഇതൊരു മാനുഷിക പ്രശ്നമാണ്. നിങ്ങളുടെ വികാരങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നു, എന്നാൽ ഈ കോടതിയിൽ വാദിക്കാൻ ചില രീതികൾ ഉണ്ട്" ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാധാനം ഉറപ്പാക്കാനാണ് കോടതി ശ്രമിക്കുന്നത്. സുരക്ഷയില്‍ എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കോടതിയ്ക്ക് ഇടപെടാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഏതൊരു തെറ്റായ വിവരവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നതിനാൽ ഹരജിക്കാർ അതീവ ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പറഞ്ഞു. മണിപ്പൂരിലെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇതേ കേസിലെ വിവിധ കക്ഷികള്‍ക്കും കൈമാറി.
ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സമാധാനം ഉറപ്പാക്കുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ കൈമാറാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിലെ കക്ഷികളോട് നിർദേശിച്ചിട്ടുണ്ട്. പൊതുതാല്‍പര്യ ഹർജികളില്‍ വിശദമായ പരിശോധന നാളെ നടത്തുമെന്നും കോടതി അറിയിച്ചു.
അതേസമയം മണിപ്പൂർ കലാപത്തില്‍ ആകെ 142 പേർ കൊല്ലപ്പെട്ടതായാണ് സർക്കാർ കണക്ക്. സർക്കാർ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ 5,995 എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും 6,745 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വിനീത് ജോഷി സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു..












Click it and Unblock the Notifications