അശാന്തിയുടെ മണിപ്പൂർ: മുന്‍ ഹവീല്‍ദാർ ഉള്‍പ്പെടെ 10 ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 11 പേർ
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. മുന്‍ സൈനിക ഉദ്യോഗസ്ഥന്റേയും ഒരു സ്ത്രീയുടേയും ഉള്‍പ്പെടെ കഴിഞ്ഞ ദിവസം രണ്ട് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ സെപ്തംബർ 1 മുതല്‍ ആരംഭിച്ച പുതിയ സംഘർഷ സാഹചര്യത്തില്‍ മണിപ്പൂരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയർന്നു.
ഹവിൽദാറും സ്ത്രീയും കൊല്ലപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ഇംഫാലിൽ പ്രകോപിതരായ നൂറുകണക്കിന് വിദ്യാർത്ഥികൾ പോലീസുമായി ഏറ്റുമുട്ടി. പൊലീസ് സംവിധാനം കാര്യക്ഷമം അല്ലെന്നും ഉന്നതപൊലീസ് ഉദ്യോഗസ്ഥർ പദവി ഒഴിയണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.

പ്രതിഷേധം നടത്തിയ വിദ്യാർത്ഥികള്‍ക്ക് നേരെ പൊലീസ് പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. പ്രതിഷേധക്കാർ കല്ലെറിഞ്ഞ് തിരിച്ചടിച്ചതോടെ പോലീസുകാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. നിരവധി പ്രതിഷേധക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
കാങ്‌പോക്‌പി ജില്ലയിലെ മൊട്ട്‌ബംഗ് മേഖലയിലെ മുൻ ഹവിൽദാർ ലിംഖോലാൽ മേറ്റിൻ്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ഇംഫാലിലെ വെസ്റ്റിലെ സെക്‌മായിയിൽ കണ്ടെത്തുന്നത്. ക്രൂരമായ മർദ്ദനമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
കാങ്‌പോക്‌പിയിലെ തങ്‌ബുഹ് ഗ്രാമത്തില്‍ നടന്ന പെട്രോള്‍ ബോംബ് ആക്രമണത്തിലാണ് നെങ്‌ജാഖോൾ ഹയോകിപ്പ് (50) എന്ന സ്ത്രീ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗ്രാമം ഭാഗികമായി കത്തിനശിക്കുകയും ചെയ്തു. സി ആർ പി എഫ് സംഘ സ്ഥലത്ത് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.
സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് മണിപ്പൂർ സർക്കാർ ഇന്നലേയും ഇന്നും സ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ വിദ്യാർത്ഥികൾ സംഘടിച്ചെത്തി തിങ്കളാഴ്ച രാജ്ഭവനിലേക്ക് മാർച്ച് നടത്തുകയായിരുന്നു. "മണിപ്പൂർ നീണാൾ വാഴട്ടെ. എല്ലാ കഴിവുകെട്ട എം എൽ എമാരും രാജിവയ്ക്കുക. സമാധാനം പുനസ്ഥാപിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങളും വിദ്യാർത്ഥികള്‍ ഉയർത്തി.
'മണിപ്പൂരിനെ രക്ഷിക്കൂ, ഞങ്ങൾ ഇന്ത്യക്കാരാണ്, അല്ലാത്തപക്ഷം മണിപ്പൂരിനെ വെറുതെ വിടൂ' എന്നെഴുതിയ ബാനർ ഉയർത്തിയ പ്രതിഷേധക്കാർ ഡി ജി പിയുടെയും സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവിൻ്റെയും രാജിയാണ് പ്രധാനമായും ആവശ്യപ്പെടുന്നത്.. ഏകീകൃത കമാൻഡിൻ്റെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് കൈമാറണമെന്നും അസം റൈഫിൾസിനെയും മറ്റ് കേന്ദ്ര സേനകളെയും മണിപ്പൂരിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
തൗബാൽ ജില്ലയിലും സമാനമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കാക്‌ചിംഗ് ജില്ലയിൽ ആയിരക്കണക്കിന് പ്രദേശവാസികൾ ബഹുജന റാലി നടത്തി. റോക്കറ്റ് ഉള്‍പ്പെടേയുള്ള അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കപ്പെടുന്നു എന്നതിനാല്‍ പുതിയ സംഘർഷങ്ങളില്‍ കൂടുതല്‍ ജീവഹാനി ഉണ്ടായേക്കുമെന്ന ആശങ്കയും ശക്തമാണ്.












Click it and Unblock the Notifications