'കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നത് വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല': മെഹബൂബ മുഫ്തി
ദില്ലി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ പുനസ്ഥാപിക്കുന്നത് വരെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാവുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ലെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. കശ്മീരിന്റെ പ്രത്യേക പദവി അടക്കമുളള കേന്ദ്ര സര്‍ക്കാര്‍ താലത്തില്‍ വെച്ച് നല്‍കില്ലെന്ന് തനിക്കറിയാം. പക്ഷെ അതിനായുളള ശ്രമം ഒരിടത്ത് നിന്ന് ആരംഭിക്കേണ്ടതുണ്ട്- മെഹബൂബ മുഫ്തി പറഞ്ഞു.
ആ ലക്ഷ്യത്തിന് വേണ്ടി തങ്ങള്‍ പൊരുതുമെന്നും ഗുപ്കര്‍ സഖ്യം ഒറ്റക്കെട്ടായി നിന്ന് പൊരുതി ആ ലക്ഷ്യം നേടുമെന്നും മെഹബൂബ മുഫ്തി ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന തങ്ങള്‍ക്ക് എന്ത് നല്‍കിയോ അത് തങ്ങള്‍ക്ക് തിരികെ കിട്ടണം. സ്വന്തം തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ ഭരണഘടനയെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് എന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.

2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അടക്കമുളള കാര്യങ്ങള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവരെ ബാധിച്ച കാര്യമാണെന്നും അതിനാല്‍ അത് വിഘടനവാദം അല്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തന്റെ പ്രഥമ പരിഗണന കശ്മീരിന്റെ പ്രത്യേക പരിഗണന പുനസ്ഥാപിക്കലോ തിരഞ്ഞെടുപ്പ് നടത്തലോ ആയിരുന്നില്ല. മറിച്ച് കശ്മീരിലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നുള്ളതായിരുന്നുവെന്നും മെഹബൂബ മുഫ്തി പ്രതികരിച്ചു.
ആര്‍ട്ടിക്കിള്‍ 370 ഈ സര്‍ക്കാര്‍ പുനസ്ഥാപിക്കും എന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാവും എന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡണ്ടും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുളളയുടെ പ്രതികരണം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ അബ്ദുളള ഇക്കാര്യം പറഞ്ഞത്. 70വര്‍ഷമെടുത്തിട്ടാണ് ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കിയത്. തങ്ങളുടെ പോരാട്ടം തുടങ്ങിയിട്ടേ ഉളളൂ. ഈ ചര്‍ച്ചകളിലൂടെ ആര്‍ട്ടിക്കില്‍ 370 പുനസ്ഥാപിക്കും എന്ന് പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കാന്‍ തങ്ങള്‍ ആക്രമിക്കുന്നില്ലെന്നും ഒമര്‍ അബ്ദുളള പറഞ്ഞു.












Click it and Unblock the Notifications