കശ്മീരില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഭീകരരുടെ ആക്രമണം; 2 പേര്‍ക്ക് വെടിയേറ്റു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ധ്ഗാമില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഭീകരരുടെ ആക്രമണം. രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ഭീകരാക്രമണത്തില്‍ വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മഗാം മേഖലയിലാണ് വെള്ളിയാഴ്ച്ച ആക്രമണമുണ്ടായത്. അതേസമയം യുപി സ്വദേശികളായ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടാഴ്ച്ചയ്ക്കിടെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയുണ്ടാവുന്ന നാലാമത്തെ ആക്രമണമാണ് കശ്മീര്‍ താഴ്‌വരയിലുണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ആക്രമണം രൂക്ഷമായിരിക്കുന്നത്.

ഉസ്മാന്‍ മാലിക്(20) സൂഫിയാന്‍(25) എന്നിവര്‍ക്കാണ് വെടിവെപ്പില്‍ പരുക്കേറ്റത്. ഒക്ടോബര്‍ ഇരുപതിനാണ് ഏറ്റവും രൂക്ഷമായ ആക്രമണമുണ്ടായത്. തീവ്രവാദികളുടെ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ ഒരു ഡോക്ടറും ബീഹാറില്‍ നിന്നുള്ള രണ്ട് അന്യസംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു.
ഗന്ധേര്‍ബാള്‍ ജില്ലയിലെ ടണല്‍ നിര്‍മാണ സൈറ്റിനടുത്തായിരുന്നു ആക്രമണം നടന്നത്. അതേസമയം വെള്ളിയാഴ്ച്ചത്തെ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ജല്‍ ശക്തി വിഭാഗത്തിലെ നിത്യവേതന ജീവനക്കാരായിരുന്നു. ആക്രമണത്തിന് പിന്നാലെ തന്നെ സൈന്യം അടക്കമുള്ള സുരക്ഷാ സംഘങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ട്. തീവ്രവാദികള്‍ക്കായുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ പതിനെട്ടിന് തീവ്രവാദികളുടെ ആക്രമണത്തില്‍ ഷോപ്പിയാനില്‍ ബീഹാറില്‍ നിന്നുള്ള ഒരു തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. അതേസമയം ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റ തൊഴിലാളികള്‍ മന്‍സാമ ഏരിയയിലെ വാട്ടര്‍ ടാങ്കിന്റെ നിര്‍മാണത്തിനെത്തിയവരായിരുന്നു.
വെടിവെപ്പില്‍ ഉസ്മാന് ഇടതേ കൈയ്യിലാണ് പരുക്കേറ്റത്. സുഫിയാന് വലതുകാലിലുമാണ് പരുക്കേറ്റത്. നേരത്തെ കശ്മീരിലെ അഖ്‌നൂര്‍ ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക ആംബുലന്‍സിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ഇവരെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ സുരക്ഷാ സേന വധിച്ചിരുന്നു.
സൈന്യത്തിന്റെ ഭാഗമായ സ്‌നിഫര്‍ ഡോഗുകളിലൊന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദാണെന്ന് രഹസ്വാന്വേഷണ വിഭാഗം സംശയിക്കുനനുണ്ട്. കൊല്ലപ്പെട്ടവരെല്ലാം പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications