അസമില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി; പ്രതിഷേധം, ബന്ദ് പ്രഖ്യാപിച്ചു
ഗുവാഹത്തി: അസമില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. നാഗോണ്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച്ച വൈകീട്ട് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് പെണ്‍കൂട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അതേസമയം നാഗോണില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. സംഘടനകളും, പ്രദേശവാസികളും മേഖലയില്‍ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച വൈകീട്ട് പതിനാലുകാരിയെ അബോധാവസ്ഥയിലാണ് പ്രദേശവാസികള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അതിന് ശേഷം പോലീസ് പെണ്‍കുട്ടിയെ ചികിത്സയ്ക്കും മെഡിക്കല്‍ പരിശോധനയ്ക്കുമായി നാഗോണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വനിതാ പോലീസ് ഓഫീസര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് മൂന്ന് പേര്‍ പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്നും നാഗോണ്‍ എസ്പി സ്വപ്‌നീല്‍ ദേഖ മാധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണിതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ഡിജിപിയോട് സംഭവസ്ഥലം സന്ദര്‍ശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഖളെ ആരെയും വെറുതെ വിടില്ല. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംഭവത്തില്‍ രണ്ട് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകളും മേലയില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. എഎഎസ്‌യു അടക്കമുള്ളവരാണ് ബന്ദ് പ്രഖ്യാപിച്ചത്. സ്ത്രീകള്‍ അടക്കം നേരത്തെ തെരുവില്‍ ഇറങ്ങിയിരുന്നു. റോഡുകള്‍ ബ്ലോക് ചെയ്തായിരുന്നു പ്രതിഷേധം. എത്രയും പെട്ടെന്ന് നടപടി വേണമെന്നായിരുന്നു ആവശ്യം.












Click it and Unblock the Notifications