സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം രൂപീകരിച്ച് മോദി സർക്കാർ; മന്ത്രിസഭ പുന;സംഘടനയ്ക്ക് തൊട്ട് മുൻപ്
ദില്ലി; മന്ത്രി സഭ വിപുലീകരണം ഇന്ന് വൈകീട്ട് നടന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾക്കിടെ കേന്ദ്രത്തിൽ സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍.രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തിരുമാനത്തെ ചരിത്രപരം എന്നാണ് കേന്ദ്രസർക്കാർ വിശേഷിപ്പിച്ചത്.
താഴെത്തട്ടിലേക്കെത്തുന്ന യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനമെന്ന നിലയിൽ സഹകരണസംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രാലയ രൂപീകരണം സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഓരോ അംഗവും ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുന്ന ഒരു സഹകരണ അധിഷ്ഠിത സാമ്പത്തിക വികസന മാതൃക വളരെ പ്രസക്തമാണ്.

സഹകരണ സ്ഥാപനങ്ങൾക്കായി 'ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള' പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ (എം.എസ്.സി.എസ്) വികസനം സാധ്യ മാക്കുന്നതിനും മന്ത്രാലയം പ്രവർത്തിക്കും. സഹകരണത്തിനായി പ്രത്യേക മന്ത്രാലയം സൃഷ്ടിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനവും ഇതോടെ നിറവേറ്റപ്പെടുകയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. അതേസമയം വകുപ്പ് സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും സർക്കാർ വിശദീകരിച്ചിട്ടില്ല.
അതിനിടെ ഇന്ന് രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ പുന;സംഘടന ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 20 ഓളം പുതിയ മുഖങ്ങൾ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മന്ത്രിസഭയിൽ ഇടം ലഭിച്ചേക്കാൻ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, നാരായൺ റാണെ, വരുൺ ഗാന്ധി തുടങ്ങിയ നേതാക്കൾ ദില്ലിയിൽ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications