വാക്സിൻ ഡോസ് വിതരണം 116 കോടി പിന്നിട്ടു; ബൂസ്റ്റർ ഡോസ് സംബന്ധിച്ച തിരുമാനം ഉടൻ
ദില്ലി; രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 116.87 കോടി (1,16,87,28,385) കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 1,20,77,324 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 32,99,337 ഡോസ് വാക്സിനുകളാണ് നൽകിയത്.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,510 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,39,34,547 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.31 ശതമാനമാണ്.

തുടർച്ചയായി 148 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,488 പേർക്കാണ്.
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,18,443 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.34 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിതെന്ന് സർക്കാർ അറിയിച്ചു.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,83,567 പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ആകെ 63.25 കോടിയിലേറെ (63,25,24,259) പരിശോധനകളാണ് ഇതുവരെ നടത്തിയത്.പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.93 ശതമാനമാണ് - 59 ദിവസമായി 2 ശതമാനത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.08 ശതമാനമാണ്. കഴിഞ്ഞ 49 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 84 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.
കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 131 കോടിയിലധികം (1,31,05,07,060) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
21.64 കോടിയിൽ അധികം (21,64,01,986) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.
അതിനിടെ ഇന്ത്യയിൽ കൊവിഡ് ബൂസ്റ്റർ ഡോസ് സംബന്ധിച്ച നയം സർക്കാർ ഉടനെ വ്യക്തമാക്കുമെന്ന് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ മുതിർന്നവരുടെ വാക്സിനേഷൻ പൂർത്തിയാക്കുന്നതിനായിരിക്കും പ്രഥമ മുൻഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങളെ അടിസ്ഥാനമാക്കിയല്ല മറിച്ച് ഇന്ത്യൻ എപ്പിഡെമിയോളജിയെയും രാജ്യത്തെ പകർച്ചവ്യാധി സാഹചര്യത്തെയും അടിസ്ഥാനമാക്കിയുള്ള സമഗ്ര നയം ആകും ആവിഷ്കരിക്കുക. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത ആഴ്ച ഉന്നതതല സംഘം യോഗം ചേരും. എന്നിരുന്നാലും ഡിസംബർ 31-നകം പ്രായപൂർത്തിയായ എല്ലാ ഗുണഭോക്താക്കൾക്കും ആദ്യ ഡോസ് നൽകുന്നുവെന്ന് ഉറപ്പാക്കുക എന്ന കാര്യത്തിലാകും ഊന്നൽ നൽകുക.
നിലവിൽ, പ്രായപൂർത്തിയായ ജനസംഖ്യയുടെ 80% ത്തിലധികം പേർക്കും വാക്സിൻ ആദ്യ ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്, കൂടാതെ 41% ത്തിലധികം പേർക്ക് രണ്ട് കുത്തിവയ്പ്പുകളും ലഭിച്ചിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് ആവശ്യം ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ എന്നിവരും ഇത്തരമൊരു ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ചിരുന്നു. അതേസമയം ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ കുറഞ്ഞ ഇടവേളകളിൽ വാക്സിൻ എടുത്തവരുടെ പ്രതിരോധ ശേഷി ഉപ്പോൾ കുറഞ്ഞിരിക്കാമെന്നും അതിനാൽ അത്തരം ആളുകൾ ബൂസ്റ്റർ എടുക്കുന്നതാണ് നല്ലതെന്നും വിദഗ്ദർ പറയുന്നു.
ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വ്യാപകമാവുകയും ഇതിന്റെ ഭാഗമായി രോഗവ്യാപനം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളിലും രണ്ട് ഡോസ് വാക്സിന് ശേഷം മൂന്നാമതൊരു ഡോസ് കൂടി നൽകുന്നുണ്ട്.ജർമ്മനി, ഓസ്ട്രിയ, കാനഡ, ഫ്രാൻസ് ഉൾപ്പെടെ 36 രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications