അഞ്ച് മക്കളെ പുഴയിലെറിഞ്ഞ് ഒരമ്മ, ഉത്തര്‍ പ്രദേശില്‍ ഞെട്ടിപ്പിക്കുന്ന സംഭവം
ലഖ്‌നൗ: വീട്ടമ്മ അഞ്ച് മക്കളെ പുഴയിലെറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ ഭദോഹി ജില്ലയിലെ ജഹാംഗിറാബാദിലാണ് സംഭവം. ഗംഗാ നദിയില്‍ എറിഞ്ഞ കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചില്‍ തുടരുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. മാനസികമായി അസ്വാസ്ഥ്യമുള്ള വീട്ടമ്മയാണ് കുട്ടികളുമായി പുഴക്കരയിലെത്തി ക്രൂരത ചെയ്തത്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വീട്ടമ്മ അഞ്ച് കുട്ടികളെ ഗംഗാ നദിയില്‍ എറിഞ്ഞതെന്ന് പോലീസ് പറയുന്നു. അമ്മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോപിഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജഹാംഗിറാബാദ് ഗ്രാമത്തിലാണ് സംഭവമെന്ന് എസ്പി റാം ബദന്‍ സിങ് പറഞ്ഞു. മഞ്ജു യാദവും ഭാര്യ മൃദുല്‍ യാദവും തര്‍ക്കം പതിവായിരുന്നു. ഇതില്‍ മനംമടുത്താണ് ഇവര്‍ കഴിഞ്ഞദിവസം രാത്രി മക്കളുമായി പുഴക്കരയിലെത്തിയത്. ആരതി, സരസ്വതി, മാതേശ്വരി, ശിവശങ്കര്‍, കേശവ് പ്രസാദ് എന്നിവരെയാണ് പുഴയില്‍ എറിഞ്ഞത്. വളരെ ആഴമുള്ള പ്രദേശത്താണ് കുട്ടികളെ എറിഞ്ഞത്.
ഇവിടെ എത്തുന്ന വേളയില്‍ കുട്ടികള്‍ കരഞ്ഞിരുന്നുവത്രെ. മല്‍സ്യത്തൊഴിലാളികള്‍ ഇത് കണ്ടിരുന്നു. എന്നാല്‍ സ്ത്രീയെ തടയാതെ അവര്‍ വേഗം രക്ഷപ്പെട്ടു. പോലീസ് ഇവരെ ചോദ്യം ചെയ്തു. മന്ത്രവാദിയാണെന്ന് കരുതിയാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. കുട്ടികളെ പുഴയിലെറിഞ്ഞ ശേഷം അമ്മ അവിടെ തന്നെ നിന്നു. ഞായറാഴ്ച രാവിലെയാണ് അവര്‍ നാട്ടുകാരോട് സംഭവം പറഞ്ഞത്. പിന്നീടാണ് തിരച്ചില്‍ ആരംഭിച്ചത്.
അതേസമയം, സംഭവത്തില്‍ പലവിധത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഭര്‍ത്താവുമായുള്ള തര്‍ക്കമാണ് കുട്ടികളോട് ക്രൂരത കാണിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത് എന്നാണ് ഒന്ന്. യുവതിക്ക് മാനസിക വിഭ്രാന്തിയുണ്ട് എന്നതാണ് രണ്ടാമത്തേത്. എന്നാല്‍ മാനസിക വിഭ്രാന്തിയില്ല എന്ന് ഭര്‍ത്താവ് പിന്നീട് പറഞ്ഞു. കുട്ടികളെ പുഴയിലെറിഞ്ഞ യുവതിയും കൂടെ ചാടിയെന്നും പിന്നീട് തിരികെ കയറിയെന്നുമാണ് മറ്റൊരു വിവരം. ലോക്ക് ഡൗണ്‍ കാരണം പട്ടിണിയിലായതിനെ തുടര്‍ന്നാണ് കുട്ടികളെ പുഴയിലെറിഞ്ഞത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കൂലി വേല ചെയ്ത് ജീവിക്കുന്നവരാണ് കുടുംബം. ലോക്ക് ഡൗണ്‍ കാരണം ദിവസങ്ങളായി ഇവര്‍ ഭക്ഷണം കഴിച്ചിട്ട്. പണം കിട്ടാതെ വന്നതോടെയാണ് കുട്ടികളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.












Click it and Unblock the Notifications